ഡൽഹി: നോർത്ത് ഗോവയിലെ അർപോറയിൽ സ്ഥിതി ചെയ്യുന്ന ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന റെസ്റ്റോറന്റ്-കം-ബാറിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിൻ്റെ സഹ ഉടമയായ ന്യൂഡൽഹി നിവാസി അജയ് ഗുപ്‌തയെ ഗോവ പോലീസ് ഡൽഹിയിൽ കസ്റ്റഡിയിലെടുത്തു. ഗുപ്തയ്ക്കെതിരെ നേരത്തെ തന്നെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
അദ്ദേഹത്തെ വീട്ടിൽ കാണാതായതിനെ തുടർന്ന് അറസ്റ്റ് വാറണ്ട് ലഭിക്കുകയും, ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത ഗുപ്തയെ, നട്ടെല്ല് സംബന്ധമായ അസുഖം കാരണം ലജ്‌പത് നഗറിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്.ഗോവ പോലീസ് അജയ് ഗുപ്‌തയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയാൽ, ട്രാൻസിറ്റ് റിമാൻഡ് നേടി അദ്ദേഹത്തെ ഗോവയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ഗുപ്‌തയെ കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. താൻ വെറുമൊരു പങ്കാളി മാത്രമായിരുന്നു എന്നും സംഭവവുമായി തനിക്ക് മറ്റൊന്നും അറിയില്ല എന്നാണ് അജയ് ഗുപ്‌ത പറഞ്ഞത്.