ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.ഡല്‍ഹിയുടെ വായുവില്‍ പിഎം2.5, പിഎം10 പോലുള്ള സൂക്ഷ്മ കണികകളുടെ അളവ് ഉയര്‍ന്നതോടെ പലര്‍ക്കും ശ്വാസതടസ്സം, ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നു. വിഷവായു ശ്വസിക്കുന്നത് ഗര്‍ഭിണികളില്‍ കൂടുതല്‍ അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്നതിനാല്‍ പ്ലാസന്റയിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറയാനും അതിനെ തുടര്‍ന്ന് അകാല പ്രസവത്തിന് സാധ്യത വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് ഗൈനക്കോളജിസ്റ്റുകള്‍ പറഞ്ഞു.
മലിനീകരണം വളരെ ഉയര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ പെട്ടെന്നുള്ള സ്ഥലമാറ്റമോ അനാവശ്യ യാത്രകളോ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മോശം വായു ഗര്‍ഭകാലത്ത് ക്ഷീണം, ഛര്‍ദ്ദി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.വിദഗ്ധരുടെ നിര്‍ദേശം പ്രകാരം ഗര്‍ഭിണികള്‍ എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുക, വീടുകളില്‍ എയര്‍ പ്യൂരിഫയര്‍ പ്രവര്‍ത്തനക്ഷമമാക്കുക, ജനാലകള്‍ അടച്ചുവെക്കുക, കുടിവെള്ളം ഇടയ്ക്കിടെ കുടിക്കുക, മലിനീകരണം ഏറ്റവും കൂടുതലുള്ള സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുക എന്നിവ ശ്രദ്ധിക്കണം.ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) ഇന്ന് രാവിലെ 399 എന്ന ഗുരുതര നിലയിലായിരുന്നു. കനത്ത പുകമഞ്ഞ് നഗരത്തെ മൂടിയിരിക്കുകയാണ്. ഇന്നലെ എക്യുഐ 392 ആയിരുന്നു. നിലവിലെ അവസ്ഥ ‘വളരെ മോശം’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.