Home തിരഞ്ഞെടുത്ത വാർത്തകൾ എയര്‍ ഇന്ത്യയുടെ ഡല്‍ഹി-മുംബൈ വിമാനം അടിയന്തിരമായി തിരിച്ചിറക്കി; കാരണം എഞ്ചിൻ തകരാര്‍, യാത്രക്കാര്‍ സുരക്ഷിതര്‍

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-മുംബൈ വിമാനം അടിയന്തിരമായി തിരിച്ചിറക്കി; കാരണം എഞ്ചിൻ തകരാര്‍, യാത്രക്കാര്‍ സുരക്ഷിതര്‍

by admin

മുംബൈ: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം, എഞ്ചിൻ ഓയില്‍ പ്രഷർ കുറഞ്ഞതിനെ തുടർന്ന് ടേക്ക്-ഓഫിന് തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ അടിയന്തരമായി തിരിച്ചിറക്കി.വിമാനത്തിന്റെ വലത് എഞ്ചിനിലായിരുന്നു തകരാർ കണ്ടെത്തിയത്. വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് സാങ്കേതിക തടസം കണ്ടെത്തിയത്.ബോയിംഗ് 777-337 ഇആർ വിഭാഗത്തിലുള്ള എഐ887 ഫ്ലൈറ്റ് പുലർച്ചെ 3.20ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്നെങ്കിലും, വലത് എഞ്ചിനിലെ (എൻജിൻ നമ്ബർ 2) ഓയില്‍ പ്രഷർ പൂജ്യത്തിലേക്ക് താഴുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് സ്‌റ്റാൻഡേർഡ് നടപടികളോടെ ഡല്‍ഹിയില്‍ തിരിച്ചിറക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി താഴെയിറക്കി.യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും, ആർക്കും പരിക്കുകളില്ലെന്നും അധികൃതർ അറിയിച്ചു. എഞ്ചിൻ ഓയില്‍ പ്രഷർ പൂജ്യത്തിലേക്ക് താഴുന്നത് വ്യോമയാന സുരക്ഷയില്‍ അതീവ ഗൗരവകരമായ കാര്യമാണ്. എഞ്ചിൻ ഘടകങ്ങളെ തണുപ്പിച്ച്‌ പ്രവർത്തിപ്പിക്കാൻ ഓയില്‍ അത്യാവശ്യം. മതിയായ പ്രഷറില്ലായ്‌മ അമിതമായി ചൂടാകാനും തകരാറിലാകാനും തീപിടിക്കാനും കാരണമാകും.സംഭവത്തിന് പിന്നാലെ സിവില്‍ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. സാങ്കേതിക പ്രശ്‌നത്തില്‍ വിശദമായ അന്വേഷണം നടത്താൻ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) നിർദ്ദേശം നല്‍കിയതായി മന്ത്രാലയം എക്‌സ് പോസ്‌റ്റിലൂടെ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, യാത്രക്കാർക്ക് എല്ലാ സഹായവും നല്‍കാനും തുടർന്നുള്ള വിമാനങ്ങളില്‍ അവരെ ഉള്‍ക്കൊള്ളിക്കാനും മന്ത്രാലയം എയർലൈനിനോട് നിർദ്ദേശിച്ചു. അതേസമയം, എഞ്ചിൻ പാരാമീറ്റർ മുന്നറിയിപ്പിന് ശേഷം, വിമാന ജീവനക്കാർ സ്ഥാപിത സുരക്ഷാ പ്രോട്ടോക്കോളുകള്‍ അനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു.വിമാനം ആവശ്യമായ സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പൂർണമായ അനുമതി ലഭിച്ചതിനുശേഷം മാത്രമേ സർവീസ് പുനരാരംഭിക്കുകയുള്ളൂവെന്നും എയർലൈൻ കൂട്ടിച്ചേർത്തു. എന്നാല്‍ ഇത് എപ്പോള്‍ പൂർത്തിയാവുമെന്നോ സർവീസ് എപ്പോള്‍ പുനരാരംഭിക്കുമെന്നോ കമ്ബനി കൃത്യമായി അറിയിച്ചിട്ടില്ല.ഡിസംബർ 18ന് രാത്രി ഗണ്ണവാരം വിമാനത്താവളത്തില്‍ വിശാഖപട്ടണത്തേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം എഞ്ചിൻ സംബന്ധമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഇത് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളെ കുറിച്ചുള്ള ആശങ്ക ഉയർത്തുന്നതിന് കാരണമാവുന്നുണ്ട്. പിന്നാലെയാണ് എയർ ഇന്ത്യ വിമാനത്തിനും തകരാർ ഉണ്ടായിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group