ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ എ.ഐ. നിർമിത നഗ്നചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. രണ്ടുദിവസം മുമ്പാണ് സഹപാഠികളുടെ ഓൺലൈൻ ഗ്രൂപ്പ് ചാറ്റിനിടെ നഗ്നചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ചാറ്റിൽ പങ്കെടുത്തവർക്ക് പരിചയമില്ലാത്ത ഐ.ഡി.യിൽനിന്നാണ് ചിത്രം വന്നതെന്നാണ് വിവരം.
പിന്നീട് ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് പെൺകുട്ടിയുടെ രക്ഷിതാ ക്കൾ പോലീസിനെ സമീപിച്ചത്. പെൺകുട്ടി ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിലിട്ട ചിത്രങ്ങളിലൊന്നാണ് എ.ഐ.(നിർമിത ബുദ്ധി) സാങ്കേതിക വിദ്യയുപയോഗിച്ച് നഗ്നചിത്രമാക്കി മാറ്റിയത്. കുട്ടിയുടെ സൗഹൃദവലയത്തിലുള്ള ആരെങ്കിലുമാകും കുറ്റകൃത്യത്തിനു പിന്നിലെന്നാണ് സൈബർക്രൈം പോലീസിന്റെ വിലയിരുത്തൽ.
ഇതിനോടകം ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്താനുള്ള ശാസ്ത്രീയ തുടങ്ങിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. പെൺകുട്ടിയുടെ മറ്റൊരു സഹപാഠിയുടെ ചിത്രവും സമാനമായ രീതിൽ പ്രചരിക്കപ്പെടുന്നതായും വിവരമുണ്ട്. ഇതിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, എ.ഐ. സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയുന്നതിന് പ്രത്യേക ശ്രദ്ധപുലർത്തിവരികയാണെന്ന് സൈബർ ക്രൈം പോലീസ് അറിയിച്ചു.