രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അഥവാ ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഫേഷ്യല്‍ റെക്കഗ്നിഷൻ സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.കേന്ദ്രത്തിന്റെ സുരക്ഷിത നഗരം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.മുംബൈ സിഎസ്‌ടി, ന്യൂഡല്‍ഹി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം വരുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലൈംഗിക പീഡന കേസ് കുറ്റവാളികളുടെ ദേശീയ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് സിസിടിവി ക്യാമറകള്‍ ഉപയോഗിച്ച് കുറ്റവാളികളെ തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കും.
എൻഡിഎസ്‌ഒയില്‍ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ലൈംഗിക കുറ്റവാളികളുടെ ദശലക്ഷക്കണക്കിന് രേഖകളുമായി തത്സമയം മുഖങ്ങള്‍ സ്‌കാൻ ചെയ്‌ത് ഒത്തുനോക്കിയാണ് ഇതിന്റെ പ്രവർത്തനം.ഇതിലൂടെ കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ളവരെ കണ്ടെത്താനും അവർക്കെതിരെ ഉടനടി നടപടിയെടുക്കാനും സാധിക്കും. ആഭ്യന്തര മന്ത്രാലയം ഇന്ത്യയിലെ ഏഴ് പ്രധാന സ്‌റ്റേഷനുകളില്‍ പൈലറ്റ് പദ്ധതി ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.മുംബൈ സിഎസ്‌ടി, ന്യൂഡല്‍ഹി കൂടാതെ ബെംഗളൂരു, ചെന്നൈ, ഹൗറ, അഹമ്മദാബാദ്, പൂനെ എന്നീ സ്‌റ്റേഷനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
ഈ സ്‌റ്റേഷനുകളില്‍ യാത്രക്കാരുടെ എണ്ണക്കൂടുതലും, റെയില്‍ ശൃംഖലയിലെ തന്ത്രപരമായ സ്ഥാനവും പരിഗണിച്ചാണ് ഇവ തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.പൊതുഗതാഗത കേന്ദ്രങ്ങളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളും കുറഞ്ഞ ശിക്ഷാ നിരക്കും ചൂണ്ടിക്കാട്ടി വനിതാ അഭിഭാഷകരുടെ സംഘടന സുപ്രീം കോടതിയില്‍ നല്‍കിയ ഹർജിയെ തുടർന്നാണ് ഇങ്ങനെയൊരു നീക്കം. ഇത് രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളെ കൂടുതല്‍ സുരക്ഷിതമാക്കും.ഈ ഹർജി പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
സുരക്ഷിത നഗരം പദ്ധതിയില്‍ സ്‌മാർട്ട് ലൈറ്റിംഗ്, എമർജൻസി കോള്‍ ബോക്‌സുകള്‍, ഓട്ടോമേറ്റഡ് നമ്ബർ പ്ലേറ്റ് റെക്കഗ്നിഷൻ, ഡ്രോണുകള്‍ തുടങ്ങിയ എഐ നിരീക്ഷണ സംവിധാനങ്ങളും ഉള്‍പ്പെടുന്നു.മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ ഈ സംവിധാനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഫേഷ്യല്‍ റെക്കഗ്നിഷൻ സംവിധാനം നിലവിലെ സ്വകാര്യത നിയമങ്ങള്‍ പാലിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് അധികൃതർ ഉറപ്പ് നല്‍കി. ഇത് വിജയകരമായാല്‍, ഈ സാങ്കേതികവിദ്യ കൂടുതല്‍ റെയില്‍വേ സ്‌റ്റേഷനുകളിലേക്കും മറ്റ് പൊതുസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.
ഈ സുരക്ഷാ നടപടികള്‍ എല്ലാ യാത്രക്കാർക്കും സുരക്ഷിതമായ യാത്രാനുഭവം നല്‍കുന്നതിനുള്ള റെയില്‍വേയുടെ സുപ്രധാന ചുവടുവയ്പ്പാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരക്കേറിയ ട്രാൻസിറ്റ് കേന്ദ്രങ്ങളില്‍ സുരക്ഷിതമായ അന്തരീക്ഷം സൃഷ്‌ടിക്കാൻ റെയില്‍വേ ഇതിലൂടെ ലക്ഷ്യമിടുന്നു എന്നതാണ് ഇതിന്റെ കാതല്‍.