Home Featured അഹമ്മദാബാദിൽ എയർഇന്ത്യാ വിമാനം തകർന്നു; 242 യാത്രികർ: വിജയ് രൂപാണിയുടെ നില ഗുരുതരം

അഹമ്മദാബാദിൽ എയർഇന്ത്യാ വിമാനം തകർന്നു; 242 യാത്രികർ: വിജയ് രൂപാണിയുടെ നില ഗുരുതരം

by admin

അഹമ്മദാബാദ് ∙ ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നെന്നാണ് വിവരം. യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റുകയാണ്.

യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു.പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group