ബെംഗളൂരു: കൊടുംചൂടും കുടിവെള്ള ക്ഷാമവും കാരണം വലയുന്ന ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസ വാർത്ത. കർണാടകയിലെ ഉഗാദി ഉത്സവത്തിന് പിന്നാലെ മഴ പെയ്യുമെന്നാണ് പ്രവചനം. കഴിഞ്ഞ ഒരു മാസമായി കടുത്ത ചൂടിൽ വീർപ്പുമുട്ടുകയാണ് ബെംഗളൂരുവിലെ ജനങ്ങള്‍. ബെംഗളൂരുവിൽ സാധാരണ ഏപ്രിലിൽ ലഭിക്കുന്നതിലും കൂടുതൽ വേനൽമഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
ഏപ്രിൽ രണ്ടാം വാരത്തിൽ ബെംഗളൂരുവിലും കർണാടകയിലെ തെക്കൻ ജില്ലകളിലും വേനൽ മഴ ആരംഭിക്കുമെന്നും ഒപ്പം ഇടിമിന്നലുമുണ്ടാവുമെന്നുമാണ് ഐഎംഡി അറിയിച്ചത്. കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ആഘോഷമായ ഉഗാദിയുടെ അന്ന് ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് പ്രവചനം. ഏപ്രിൽ 9നാണ് ഈ വർഷത്തെ ഉഗാദി. ഈ മൂന്ന് സംസ്ഥാനങ്ങളെ സംബന്ധിച്ച് പുതുവർഷാരംഭമാണ് ഉഗാദി. കേരളത്തിലെ മേടം ഒന്നിന് സമാനമാണിത്.
മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകും. നഗരത്തിലുടനീളം ഒരേ പോലെ മഴ പെയ്തേക്കില്ല. ചില പ്രദേശങ്ങളിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ കണക്കുകൂട്ടുന്നു. മഴയ്ക്ക് തൊട്ടുമുമ്പുള്ള ഈ ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
കഴിഞ്ഞ 15 വർഷത്തിനിടയിലെ നാലാമത്തെ ഉയർന്ന താപനിലയും എട്ട് വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന താപനിലയുമാണ് ബെംഗലുരുവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബെംഗലുരു അർബൻ, ബെംഗലുരു റൂറൽ, മാണ്ഡ്യ, തുംകൂർ, മൈസൂർ മേഖലകളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ 2 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്.തീരപ്രദേശങ്ങളായ മംഗലുരുവിലും ഉഡുപ്പിയിലും അന്തരീക്ഷ താപനില ഉയരുമെന്നാണ് സൂചന. കടുത്ത ചൂടിനൊപ്പം വെള്ളക്ഷാമവും നഗരത്തെ വലയ്ക്കുന്നുണ്ട്. എൽ നിനോ പ്രതിഭാസമാണ് കർണാടകയെ ചുട്ടുപൊള്ളിക്കുന്നത്.