തൃശൂര്‍: തൃശ്ശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. സാഹചര്യം കണക്കിലെടുത്ത് 310 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി.
കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ജില്ലാ കലക്ടറിന്റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. ശേഷം പ്രാഥമിക അണുനശീകരണ നടപടികള്‍ കൂടി സ്വീകരിക്കും.
പന്നിമാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം നിര്‍ത്തും. പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതിനും വിലക്കേര്‍പ്പെടുത്തി.