ബെംഗളൂരു: തമിഴ്നാട്ടിലെ തിരുപ്പൂരില്‍ പ്രവർത്തിക്കുന്ന വ്യാജ നെയ്യ് ഫാക്ടറി കണ്ടെത്തി. കർണാടക സർക്കാരിന്റെ ഉല്‍പ്പന്നമായ ‘നന്ദിനി’ എന്ന പേരില്‍ നിർമ്മിച്ച 8,136 ലിറ്റർ മായം ചേർത്ത നെയ്യ് പിടിച്ചെടുത്തു.ഇതുമായി ബന്ധപ്പെട്ട് വ്യാജ നെയ്യ് വിതരണക്കാരൻ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. കർണാടക സർക്കാരിന്റെ കെഎംഎഫ് എന്നറിയപ്പെടുന്ന കർണാടക സഹകരണ പാല് ഉല്‍പ്പാദക ഫെഡറേഷൻ നിർമ്മിക്കുന്ന പാലുല്‍പ്പന്നങ്ങള്‍ രാജ്യത്തുടനീളം പല സംസ്ഥാനങ്ങളിലും ‘നന്ദിനി’ എന്ന പേരില്‍ വില്‍ക്കുന്നു.ഇതിന്റെ വ്യാജ പതിപ്പാണ് നിർമ്മിച്ച് വിറ്റഴിച്ചത്.
‘നന്ദിനി’ എന്ന പേരില്‍ വ്യാജവും മായം ചേർത്തതുമായ നെയ്യ് വിപണിയില്‍ വില്‍ക്കുന്നതായി കെഎംഎഫ് വിജിലൻസ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ഫാക്ടറി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുപ്പൂരില്‍ മായം ചേർത്ത നെയ്യ് ഉണ്ടാക്കി അവിടെ നിന്ന് വാനുകളില്‍ ബെംഗളൂരുവിലേക്ക് എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവിടുത്തെ കടകളില്‍ വിറ്റുകൊണ്ട് വൻ ലാഭമാണ് ഇവർ നേടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി മായം ചേർത്ത നെയ്യ് ഉണ്ടാക്കുന്നുണ്ട്.മായം ചേർത്ത നെയ്യ്, വെളിച്ചെണ്ണ, ഡാല്ഡാ , പാം ഓയില്‍ , നെയ്യ് ഉത്പാദിപ്പിക്കാൻ ഉപയോഗിച്ച യന്ത്രങ്ങള്‍ പിടിച്ചെടുത്തു. ഇതിന് ഒന്നേകാല്‍ കോടി രൂപ വിലവരും.മായം ചേർത്ത നെയ്യ് നിർമ്മിച്ചതിന് മഹേന്ദ്ര, മകൻ ദീപക്, മായം ചേർത്ത നെയ്യ് കടകളില്‍ വിറ്റ മുനിരാജ്, വാൻ ഡ്രൈവർ അബി ഉർസ് എന്നിവരെ അറസ്റ്റ് ചെയ്തു.