ബെംഗളൂരു ∙ ഹെബ്ബാൾ – സിൽക്ക് ബോർഡ് തുരങ്കപാതയ്ക്കുള്ള കരാറിൽ ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ അദാനി ഗ്രൂപ്പിന്റേതാണെങ്കിലും സർക്കാർ നിശ്ചയിച്ച തുകയെക്കാൾ വളരെ കൂടുതലായതു വെല്ലുവിളിയാകുന്നു. 16.75 കിലോമീറ്റർ പാതയ്ക്കു സർക്കാർ ആകെ 17,698 കോടി രൂപ ചെലവ് കണക്കാക്കിയപ്പോൾ അദാനി ഗ്രൂപ്പിന്റെ ക്വട്ടേഷൻ 22,267 കോടി രൂപയാണ്.അന്തിമ തീരുമാനത്തിന് കരാർ സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച ചെയ്തേക്കും. ചെലവ് കൂടുന്നതു പദ്ധതി നീക്കത്തിനു തിരിച്ചടിയായേക്കും. എസ്റ്റീം മാൾ ജംക്‌ഷൻ മുതൽ ശേഷാദ്രി റോഡ് വരെയും ശേഷാദ്രി റോഡ് മുതൽ സിൽക്ക് ബോർഡ് ജംക്‌ഷൻ വരെയുമായി 2 പാക്കേജുകളായാണ് കരാർ വിളിച്ചത്. അദാനി ഗ്രൂപ്പിന്റെ ക്വട്ടേഷനിൽ ആദ്യത്തെ പാക്കേജിനു സർക്കാർ നിശ്ചയിച്ചതിനെക്കാൾ ഏകദേശം 24 ശതമാനവും രണ്ടാമത്തേതിന് 28 ശതമാനവും ചെലവ് കൂടുതലാണ്. പദ്ധതിക്കു ജൂലൈയിലാണു ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി സ്മൈൽ) കരാർ വിളിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള വിശ്വ സമുദ്ര എൻജിനീയറിങ്ങാണ് കരാറിൽ രണ്ടാം സ്ഥാനത്തുള്ളത്.