ബംഗളൂരു: നടി സഞ്ജന ഗല്‍റാണിയെ 45 ലക്ഷം രൂപ വഞ്ചിച്ച കേസിലെ പ്രതി രാഹുല്‍ തോംസെയ്ക്ക് 33ാമത് എ.സി.ജെ.എം കോടതി 61.50 ലക്ഷം രൂപ പിഴയും ആറു മാസം തടവും ശിക്ഷ വിധിച്ചു.ബനശങ്കരി മൂന്നാം ഫേസില്‍ താമസിക്കുന്ന രാഹുല്‍ ടോണ്‍സെ എന്ന രാഹുല്‍ ഷെട്ടി 2018-19 ല്‍ സഞ്ജന ഗല്‍റാണിയില്‍നിന്ന് 45 ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു എന്നായിരുന്നു കേസ്.പിഴത്തുകയില്‍ നിന്ന് കോടതി ഫീസ് 10,000 രൂപ കുറച്ചു ബാക്കി 61.40 ലക്ഷം രൂപ പരാതിക്കാരിയായ സഞ്ജനക്ക് നല്‍കണം. നിശ്ചിത സമയത്തിനുള്ളില്‍ പിഴ അടച്ചാല്‍ ആറു മാസത്തെ തടവ് ഒഴിവാക്കപ്പെടും.
അല്ലാത്തപക്ഷം ആറു മാസം തടവും പിഴയും അനുഭവിക്കേണ്ടിവരുമെന്ന് കോടതി വിധിച്ചു. സഞ്ജന ഗല്‍റാണിയുടെ സുഹൃത്തായ രാഹുല്‍ ടോണ്‍സെ ഗോവയിലെയും കൊളംബോയിലെയും കാസിനോകളുടെ മാനേജിങ് ഡയറക്ടറാണ്.ഈ സ്ഥലങ്ങളില്‍ പണം നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് ഉയർന്ന ലാഭം ലഭിക്കും എന്നു പറഞ്ഞുകൊണ്ടാണ് സഞ്ജന ഗല്‍റാണിയെകൊണ്ട് പണം നിക്ഷേപിപ്പിച്ച് വഞ്ചിച്ചതെന്നാണ് ആരോപണം. തുടർന്ന് രാഹുല്‍ തോംസെ, പിതാവ് രാമകൃഷ്ണ, മാതാവ് രാജേശ്വരി എന്നിവർക്കെതിരെ വഞ്ചന (ഐ.പി.സി 420), ക്രിമിനല്‍ ഗൂഢാലോചന (120 ബി), ജീവന് ഭീഷണി (506), അസഭ്യം പറഞ്ഞുകൊണ്ട് മറ്റുള്ളവരെ അപമാനിക്കല്‍ (406) എന്നീ കുറ്റങ്ങള്‍ ചുമത്തി ഇന്ദിര നഗർ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു.കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. അന്വേഷണം നടത്തിയ ശേഷം പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു.