ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന നടി ഗൗതമി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തിങ്കളാഴ്ചയാണ് ഗൗതമിയുടെ രാജി പ്രഖ്യാപനമുണ്ടായത്. തനിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടിയിലെ നേതാക്കളാരും പിന്തുണച്ചില്ലെന്നും പകരം തന്നെ പറ്റിച്ചയാളെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഗൗതമി രാജിവെച്ചത്.
ഗൗതമി 25 വര്‍ഷം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം, താന്‍ വ്യക്തിപരമായി പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നോ നേതാക്കളില്‍ നിന്നോ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തു.
വ്യാജരേഖയുണ്ടാക്കി കോടികളുടെ തന്റെ സ്വത്ത് ബില്‍ഡര്‍ അളഗപ്പന്‍ എന്ന വ്യക്തി കൈക്കലാക്കിയെന്ന് നേരത്തെ തന്നെ ഗൗതമി ആരോപിച്ചിരുന്നു. സാമ്പത്തികാവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അത് വില്‍ക്കാന്‍ സഹായിക്കാമെന്ന് ബില്‍ഡര്‍ അളഗപ്പനും ഭാര്യയും വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി ദുരുപയോഗം ചെയ്ത് അളഗപ്പനും കുടുംബവും ഒപ്പ് ഉപയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു എന്നാണ് ഗൗതമിയുടെ ആരോപണം.
കൂടാതെ, അളഗപ്പനും സംഘവും തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ സാഹചര്യം അളഗപ്പനും കുടുംബവും മുതലെടുക്കുകയായിരുന്നു എന്നാണ് ഗൗതമി പറയുന്നത്. അതേസമയം, നടി പരാതി നല്‍കിയതോടെ ഒളിവിലാണ് അളഗപ്പന്‍.
ഇയാളെ സംരക്ഷിക്കുന്നത് ബിജെപിയാണ് എന്നാണ് ഗൗതമി പറയുന്നത്. അതോടൊപ്പം 2025ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പാര്‍ട്ടി വഞ്ചിച്ചതായും ഗൗതമി പറഞ്ഞു.