കൊച്ചി :നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്.ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ച് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയായിരുന്നു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്.വിവരമറിഞ്ഞ് സ്ഥലം എംഎല്‍എ ആയിരുന്ന പി ടി തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പള്‍സർ സുനി എന്ന സുനില്‍ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.
ആക്രമണത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2017 ഫെബ്രുവരി 19ന് കൊച്ചിയില്‍ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ നടന്നു. ഈ പരിപാടിയില്‍ വെച്ച് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യർ സൂചിപ്പിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട വടിവാള്‍ സലിം, പ്രദീപ് പ്രതികളില്‍ ഒരാളായ മണികണ്ഠൻ എന്നിവരെ പൊലീസ് പിടികൂടി. പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാകാനെത്തിയ പള്‍സർ സുനി, വിജേഷ് എന്നിവരെ പൊലീസ് പിടികൂടി. 50 ലക്ഷം രൂപയുടെ ക്വട്ടേഷൻ പ്രകാരമാണ് നടിയെ ആക്രമിച്ചതെന്നായിരുന്നു പള്‍സർ സുനിയുടെ മൊഴി. പിന്നാലെ റിമാൻഡിലായ പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞു.ഇതിന് പിന്നാലെ കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 2017 ഏപ്രില്‍ 18ന് പള്‍സർ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു.ഇതിന് പിന്നാലെയാണ് കേസില്‍ നടൻ ദിലീപിൻ്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങള്‍ക്ക് തുടക്കമാകുന്നത്. വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ചു സംഭവത്തില്‍ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. 2017 ജൂണ്‍ 23ന് കേസില്‍ ദിലീപിൻ്റെ പങ്ക് വെളിപ്പെടുത്തി പള്‍സർ സുനി എഴുതിയ കത്ത് റിപ്പോർട്ടർ ടിവി പുറത്ത് വിട്ടത് കേസിലെ നിർണ്ണായക വഴത്തിരിവായി. പിറ്റേന്ന് തന്നെ ദിലീപിൻ്റെ പങ്ക് വെളിപ്പെടുത്തുന്ന നിർണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന് പിന്നാലെദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാൻ ശ്രമിച്ച കേസില്‍ പള്‍സർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.2017 ജൂണ്‍ 28ന് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍വെച്ച് ഏതാണ്ട് 13 മണിക്കൂറോളമാണ് ഇരുവരും ചോദ്യം ചെയ്യലിന് വിധേയമായത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കപ്പെട്ട ദിലീപ് പിറ്റേന്ന് നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നു. ദിലീപ് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സർ സുനി എത്തിയതിൻ്റെ തെളിവ് പൊലീസ് ശേഖരിച്ചു. 2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു.
ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പിന്നീട് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. പള്‍സർ സുനി, മാർട്ടിൻ ആൻറണി, വിജിഷ്, മണികണ്ഠൻ, പ്രദീപ് കുമാർ, സലീം, വിഷ്ണു, ദിലീപ്, സുരാജ്, അപ്പു എന്നിവരായിരുന്നു കേസിലെ ഒന്ന് മുതല്‍ 10വരെയുള്ള പ്രതികള്‍.2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻ കോടതിയില്‍ നടിയെ ആക്രമിച്ച് കേസിൻ്റെ വിചാരണ ആരംഭിച്ചു. കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ സാക്ഷികളെ അടക്കം കൂറ് മാറ്റി കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിക്കുന്നതായുള്ള ആരോപണങ്ങള്‍ ഉയർന്നിരുന്നു. കേസ് നീട്ടിക്കൊണ്ട് പോകുക എന്ന ലക്ഷ്യത്തോടെ പ്രതികള്‍ സിബിഐ അന്വേഷണം അടക്കം ആവശ്യപ്പെട്ട് മേല്‍ക്കോടതികളെ അടക്കം നിരന്തരം സമീപിക്കുന്ന സാഹചര്യവുമുണ്ടായി.ഇതിനിടയിലാണ് 2021 ഡിസംബർ 25 സംവിധായകൻ ബാലചന്ദ്രകുമാർ നടിയെ ആക്രമിച്ച കേസില്‍ റിപ്പോർട്ടറിലൂടെ നിർണ്ണായക വെളിപ്പെടുത്തല്‍ നടത്തുന്നത്. നടൻ ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര’ത്തില്‍വെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. പള്‍സർ സുനി ദിലീപിൻ്റെ വീട്ടിലെത്തിയെന്നും പണവുമായി മടങ്ങിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. നടിയെ അക്രമിച്ച് പകർത്തിയ പീഢനദൃശ്യങ്ങള്‍ ദിലീപിൻ്റെ കൈവശം ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നല്‍കി.പിന്നാലെ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിനെ തുടർന്നുള്ള തുടരന്വേഷണത്തെ എതിർത്ത് ദിലീപ് രംഗത്തെത്തി. നീക്കത്തെ എതിർത്ത് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. എന്നാല്‍ 2022 ജനുവരി നാലിന് കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി. തുടർന്ന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാൻ എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ 2022 ജനുവരി 23ന് ദിലീപിനെ 33 മണിക്കൂർ ചോദ്യം ചെയ്തു. പിന്നാലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജി ഹൈക്കോടതി തള്ളി. ദിലീപിനെയും കൂട്ടുപ്രതികളെയും അന്വേഷണസംഘം ബാലചന്ദ്രകുമാറിൻ്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തിരുന്നു.നടി കാവ്യാ മാധവനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിധേയയാക്കി. ഇതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകർത്തിയ, കോടതിയില്‍ സമർപ്പിച്ചിരുന്ന മെമ്മറി കാർഡ് അനുമതിയില്ലാതെ തുറന്ന് പരിശോധിച്ചുവെന്ന പരാതിയും തുടർനടപടികളും കേസിനെ വീണ്ടും പൊതുസമൂഹത്തില്‍ ചർച്ചയാക്കി. മെമ്മറി കാർഡ് അനുമതിയില്ലാതെ തുറന്നുവെന്ന വിഷയത്തില്‍ നിർണ്ണായകമായ നിരവധി തെളിവുകള്‍ റിപ്പോർട്ടർ ടി വി പുറത്ത് വിട്ടിരുന്നു.ഇതിനിടെ കേസിലെ ഒന്നാം പ്രതി പള്‍സർ സുനിക്ക് 2024 സെപ്റ്റംബർ 17ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2024 സെപ്റ്റംബർ 24ന് കേസിൻ്റെ രണ്ടാം ഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. നീണ്ടുപേയ വിചാരണയില്‍ 2024 ഡിസംബർ 11ന് കോടതിയില്‍ അന്തിമവാദം ആരംഭിച്ചു. ഇതിനിടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 2025 ഏപ്രില്‍ ഒൻപതിന് പ്രതിഭാഗത്തിൻറെ വാദം പൂർത്തിയായി. 2025 ഏപ്രില്‍ 11നാണ് കേസില്‍ അന്തിമവാദം പൂർത്തിയായത്.