നടൻ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയെന്നും മകളും നടിയുമായ അര്‍ത്ഥന ബിനുവിന്റെ പരാതി. താരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. വിജയകുമാര്‍ മതില്‍ചാടി കടക്കുന്നതിന്റെയും ജനാലയ്‌ക്ക് മുന്നിലെത്തി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സഹിതമാണ് താരം പോസ്റ്റിട്ടത്. സഹായത്തിനായി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടാണ് കുറിപ്പുമായി നടി രംഗത്തെത്തിയത്.
നടൻ വിജയകുമാറും തന്റെ അമ്മയും നിയമപരമായി വിവാഹമോചനം നേടിയവരാണെന്ന് അര്‍ത്ഥന പറഞ്ഞു. അമ്മയ്‌ക്കും സഹോദരിക്കും 85 വയസുള്ള അമ്മൂമ്മയ്‌ക്കുമൊപ്പം മാതൃവീട്ടിലാണ് താമസിക്കുന്നത്. വീട്ടില്‍ ഇതിനുമുമ്ബും അതിക്രമിച്ച് കയറിയതിന് വിജയകുമാറിനെതിരെ കേസ് നല്‍കിട്ടുണ്ട്. ചൊവ്വാഴ്ച തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ നടൻ വാതില്‍ പൂട്ടിയിരുന്നതിനാല്‍ ജനലിലൂടെയാണ് ഭീഷണി മുഴക്കിയത്. തന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോള്‍ അദ്ദേഹത്തോട് സംസാരിച്ചു. എന്നാല്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തുമെന്നും ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നും അര്‍ത്ഥന പറഞ്ഞു.
താൻ പറയുന്ന സിനിമകളില്‍ മാത്രമെ അഭിനയിക്കാവു എന്ന വിജയകുമാര്‍ ആവശ്യപ്പെട്ടു. അയാള്‍ ജനലില്‍ മുട്ടിവിളിച്ചുകൊണ്ടിരുന്നു. എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് അയാള്‍ ആരോപിച്ചു. ഞാൻ ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മലയാളം സിനിമയുടെ ടീമിനെയും അയാള്‍ ചീത്ത പറഞ്ഞു. എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും നുഴഞ്ഞുകയറുന്നതിനും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും, എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഞാനും അമ്മയും ഇയാള്‍ക്കെതിരെ ഫയല്‍ ചെയ്ത ഒരു കേസ് കോടതിയില്‍ നടക്കുമ്ബോഴാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും നടി പറഞ്ഞു.