പ്രശസ്ത തമിഴ് നടൻ വിശാൽ കൃഷ്ണ റെഡ്ഡി വിവാഹിതനാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടൻ വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകള്‍ പുറത്തുവന്നിരുന്നു. നടി സായ് ധൻഷികയുമായാണ് വിശാലിന്റെ വിവാഹം എന്നായിരുന്നു അഭ്യൂഹം. എന്നാല്‍ വിവാഹത്തെ കുറിച്ച്പരന്ന വാർത്തകള്‍ അഭ്യൂഹമല്ലെന്നും യഥാർത്ഥമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വിശാലും ധൻഷികയും. 47 കാരനായ നടൻ കാമുകിയും നടിയുമായ 35 കാരിയായ നടി സായ് ധൻസികയെയാണ് വിവാഹം കഴിക്കാൻ പോകുന്നത്. യോഗിഡാ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വെളിപ്പെടുത്തല്‍.
ഈ വർഷം ഓഗസ്റ്റ് 29 ന് തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന് ധൻഷിക ഓഡിയോ ലോഞ്ച് വേദിയില്‍ പറഞ്ഞു. തൻ്റെ ജന്മദിനം കൂടിയാണ് അന്ന് എന്നും നടി പറഞ്ഞു. കഴിഞ്ഞ 15 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും എന്നാൽ അടുത്തിടെയായിരുന്നു ഡേറ്റിംഗ് ആരംഭിച്ചതെന്നും ധൻസിക പറഞ്ഞു.ഒരു വൈറൽ വാർത്തയ്ക്ക് ശേഷം തന്റെ ബന്ധം പരസ്യമാക്കാൻ ആലോചിച്ചതായി വിശാൽ പറഞ്ഞു. തുടക്കത്തിൽ ഞങ്ങളുടെ സൗഹൃദം മാത്രമേ വെളിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നുള്ളൂ, പക്ഷേ രാവിലെ റിപ്പോർട്ട് വൈറലായപ്പോൾ മറച്ചുവെക്കാൻ ഒന്നുമില്ലെന്ന് ഞങ്ങൾക്ക് തോന്നിയെന്നും വിശാൽ പറഞ്ഞു.
47 കാരനായ വിശാൽ മുൻപും വിവാഹിതനാകുന്നുവെന്ന വാർത്ത ഗോസിപ്പ് കോളങ്ങൾ പല വട്ടം ആഘോഷമാക്കിയിരുന്നുവെങ്കിലും ഒരു ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇതാദ്യമാണ്. ഇതിനു മുൻപ് താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹ വിവരങ്ങളും വധുവിന്റെ പേരും ഉടൻ വെളിപ്പെടുത്തുമെന്നും അറിയിച്ചിരുന്നുവെങ്കിലും വാർത്ത പുറത്തുവന്നത് വിശാലിന്റെ സാന്നിധ്യത്തിൽ സായ് ധൻഷികയിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്.
തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഔദ്യോഗിക യോഗങ്ങൾക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച ശേഷമേ താൻ വിവാഹിതനാകൂ എന്ന് വിശാൽ 9 വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലേക്ക് അടുത്തപ്പോഴേയ്ക്കും താരത്തിന്റെ വിവാഹമടുത്തു എന്ന് തമിഴ് മാധ്യമ പ്രവർത്തകർക്കിടയിൽ സംസാരമുണ്ടായിരുന്നു. അതേസമയം ‘ചെല്ലമേ’ എന്ന സിനിമയിലൂടെയായിരുന്നു നായകനായി വിശാലിന്റെ അരങ്ങേറ്റം. സണ്ടക്കോഴി എന്ന സിനിമയോട് കൂടി വിശാൽ തമിഴകത്തെ പ്രിയപ്പെട്ട താരമായി. പിന്നീട് മികച്ച ആക്ഷൻ സിനിമകളിലൂടെ താരം തമിഴ് പ്രേക്ഷകരുടെ മനം കവർന്നു.