Home Featured നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

by admin

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.ദീർഘകാലമായി അസുഖബാധിതനായിരുന്നു. വിവിധ ഭാഷകളിലായി 750-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം തന്റെ വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്.1942 ജൂലായ് 10-ന് വിജയവാഡയിലാണ് കോട്ട ശ്രീനിവാസ റാവു ജനിച്ചത്. പിതാവിനെ പോലെ ഡോക്ടറാകാനായിരുന്നു ഇഷ്ടമെങ്കിലും അഭിനയത്തോടുള്ള ഇഷ്ടം കാരണം അതിന് സാധിച്ചില്ല. സയൻസില്‍ ബിരുദം നേടിയ റാവു കോളേജ് കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിരുന്നു.

സിനിമയിലെത്തുന്നതിന് മുമ്ബ് സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.1978-ല്‍ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസ റാവു സിനിമയിലെത്തുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം തെലുങ്ക് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു. ടോളിവുഡിലെ ഏതാണ്ട് എല്ലാ പ്രധാന താരങ്ങള്‍ക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ചിത്രങ്ങളിലും ശ്രീനിവാസ റാവു അഭിനയിച്ചു. സാമി, തിരുപ്പാച്ചി, കൊ തുടങ്ങിയ തമിഴിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള തെന്നിന്ത്യക്കാർക്ക് ശ്രീനിവാസ റാവുവിനെ പരിചയം. 30-ലേറെ തമിഴ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ദി ട്രെയിൻ എന്ന ചിത്രത്തിലാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചത്. യോഗേഷ് തിവാരി എന്നായിരുന്നു ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ഗായകൻ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും കോട്ട ശ്രീനിവാസ റാവു മികവ് തെളിയിച്ചിരുന്നു.രാഷ്ട്രീയക്കാരൻ കൂടിയായിരുന്ന കോട്ട ശ്രീനിവാസ റാവു 1999 മുതല്‍ 2004 വരെ ആന്ധ്രപ്രദേശിലെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. ബിജെപി ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ചത്. 2015-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group