ബെംഗളൂരു: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ നടൻ ചേതൻ ചന്ദ്രയെ ആക്രമിച്ച കേസില്‍ രണ്ട് പേർ പിടിയില്‍. തിങ്കളാഴ്ച പുലർച്ചെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം. കഗ്ഗലിപുരയില്‍ വെച്ചാണ് 20 പേരടങ്ങുന്ന സംഘം നടനെ ക്രൂരമായി ഉപദ്രവിച്ചത്. തനിക്കുണ്ടായ ദുരനുഭവം ചേതൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ചേതന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച കഗ്ഗലിപുര പൊലീസ് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്. ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഒരാള്‍ കാർ തകർത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതായി നടന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇരുപത് പേരടങ്ങുന്ന സംഘം ഒന്നിച്ചെത്തി നടനെ മർദ്ദിക്കുകയായിരുന്നു. അക്രമി സംഘത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു.
സാരമായി പരിക്കേറ്റ നടൻ കഗ്ഗലിപുര പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പൊലീസുകാർ നടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചേതനൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും ആക്രമണത്തില്‍ ചെറിയ പരിക്കുകള്‍ സംഭവിച്ചു. നടന്റെ മുഖത്തും മൂക്കിലുമാണ് പരിക്കേറ്റത്.