ബെംഗളൂരു: കർണാടകയില്‍ കന്നഡ ഭാഷ പഠനം നിർബന്ധമാക്കിയ നിയമം ലംഘിച്ചതിന് രണ്ട് സ്കൂളുകള്‍ക്കെതിരെ നടപടി. 2015-ലെ കന്നഡ ഭാഷാ പഠന നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കന്നഡ ഒന്നാം ഭാഷയോ രണ്ടാം ഭാഷയോ ആയി പഠിപ്പിക്കണമെന്നുണ്ട്.ഈ നിയമം ലംഘിച്ചതിനാണ് നടപടി. നിയമം ലംഘിച്ച ബംഗളൂരുവിലെ രണ്ട് സ്കൂളുകള്‍ക്ക് പിഴ ചുമത്തി.കന്നഡ ഭാഷാ നിയമം 2017 മുതല്‍ കർണാടകയില്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
ബംഗളൂരു സൗത്ത് ജില്ലയിലെ ദൊമ്മസന്ദ്രയിലുള്ള ദി ബംഗളൂരു ഇൻ്റർനാഷണല്‍ സ്കൂള്‍, ദൊഡ്ഡ കന്നഹള്ളിയിലുള്ള ഗിയർ ഇന്നൊവേറ്റീവ് സ്കൂള്‍ എന്നിവർക്കെതിരെയാണ് നടപടി. നിയമസഭയില്‍ ബി.ജെ.പി. അംഗം എൻ രവി കുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ഇക്കാര്യം അറിയിച്ചത്. ഐസിഎസ്‌ഇ, സിബിഎസ്‌ഇ, ഐബി., ഐജിസിഎസ്‌ഇ ബോർഡുകളില്‍പ്പെട്ട സ്കൂളുകളില്‍ കന്നഡ പഠനം നടക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സ്വകാര്യ സ്കൂളുകളില്‍ കന്നഡ ഒന്നാം ഭാഷയോ രണ്ടാം ഭാഷയോ ആയി പഠിപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു. സ്കൂളുകള്‍ക്ക് അംഗീകാരം പുതുക്കി കിട്ടാൻ ഈ നിയമം പാലിക്കുന്നുണ്ടെന്ന ഉറപ്പ് നല്‍കേണ്ടതുണ്ട്.അതെസമയം സർക്കാർ വെറും രണ്ട് സ്കൂളുകള്‍ക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്ന് ബിജെപി അംഗം എൻ രവി കുമാർ അത്ഭുതം പ്രകടിപ്പിച്ചു. പല സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളിലും കന്നഡ പഠിപ്പിക്കുന്നില്ലെന്നും കുട്ടികള്‍ക്ക് കന്നഡ വായിക്കാൻ പോലും ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പരാതി ലഭിക്കുമ്ബോള്‍ നിയമം ലംഘിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.