മംഗളൂരു: മംഗളൂരു സര്‍വകലാശാലയില്‍ ഡല്‍ഹി സര്‍വകലാശാല മുൻ പൊളിറ്റിക്കല്‍ സയൻസ് അസോ. പ്രൊഫസര്‍ ഡോ. ശംസുല്‍ ഇസ്ലാം പ്രഭാഷണം നടത്തുന്നത് തടയാൻ പ്രതിഷേധം സംഘടിപ്പിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ കര്‍ണാടക മേഖലയില്‍ നിന്ന് രക്തസാക്ഷിത്വം വരിച്ച 132 ധീര ദേശാഭിമാനികളുടെ പേരുകള്‍ അടങ്ങിയ പോസ്റ്റര്‍ പ്രതിഷേധ അന്തരീക്ഷത്തില്‍ ശംസുല്‍ ഇസ്ലാം പ്രദര്‍ശിപ്പിച്ചു.
ബി.വി. കക്കില്ലായ അനുസ്മരണ പ്രഭാഷണം നടത്തിയ വേദിക്ക് പുറത്ത് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ‘ഗോ ബാക്ക് ശംസുല്‍’ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചിരുന്നു. കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്.
ഒന്നാം രാജ്യസഭയിലും പ്രഥമ കര്‍ണാടക നിയമസഭയിലും അംഗമായിരുന്ന, 1919ല്‍ ജനിച്ച് 2012ല്‍ അന്തരിച്ച, കമ്മ്യൂണിസ്റ്റ് ചിന്തകനും എഴുത്തുകാരനും എ.ഐ.ടി.യു.സി നേതാവുമായ കക്കില്ലായയുടെ സ്വതന്ത്ര്യസമര ജീവിതം പുതുതലമുറക്ക് പകരുക ലക്ഷ്യമിട്ടാണ് പ്രഭാഷണം സംഘടിപ്പിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര രക്തസാക്ഷിത്വം ആസ്പദമാക്കിയുള്ള പ്രഭാഷണ പരിപാടി ബംഗളൂരു ഹൊസടു മാസിക, മംഗളൂരു സമദര്‍ശി വേദി എന്നിവയുമായി സഹകരിച്ച് മംഗളൂരു സര്‍വകലാശാല ചരിത്ര വിഭാഗമാണ് സംഘടിപ്പിച്ചത്.s