കോഴിക്കോട്: വീണ്ടും അബദ്ധം വിളിച്ച് പറഞ്ഞ് ട്രോളുകൾക്ക് ഇരയായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ എപി അബ്ദുള്ളക്കുട്ടി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിച്ചെന്ന് വരുത്തി തീർക്കാനായി പ്രസംഗത്തിൽ ഉദാഹരണം ഉൾപ്പെടുത്തിയതാണ് അബ്ദുള്ളക്കുട്ടിക്ക് വിനയായത്.
യുഎഇ ഷെയ്ഖിനെ വിളിച്ച് 10,000 ഹജ്ജ് സീറ്റുകൾ അധികം മോഡി വാങ്ങിച്ചെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. കോഴിക്കോട് ബിജെപി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. സൗദി അറേബ്യയിലെ മക്കയിലാണ് ഹജ്ജ് നടക്കുന്നത്. സൗദി രാജാവിനെ വിളിക്കുന്നതിന് പകരം മറ്റൊരു രാജ്യമായ യുഎഇയിലെ ഷെയ്ഖിനോട് ആവശ്യപ്പെട്ടു എന്ന പ്രയോഗമാണ് അബ്ദുള്ളക്കുട്ടിക്ക് നേരെയുള്ള ട്രോളുകൾക്ക് കാരണമായത്.
അബ്ദുള്ളക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ:
‘2019ലാണ് ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ആളുകൾ തീർത്ഥാടനത്തിന് പോയത്. രാജ്യത്ത് ഹജ്ജിന് പോകുന്നവരുടെ അപേക്ഷകൾ വളരെ അധികം കൂടിയപ്പോൾ നരേന്ദ്ര മോഡി യുഎഇ ഷെയ്ഖിനെ വിളിച്ചു. ഞങ്ങൾക്ക് 1.90 ലക്ഷം സീറ്റുകൾ പോര, കുറച്ചു കൂടുതൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ നരേന്ദ്ര മോഡി ഇടപെട്ട് 10,000 സീറ്റ് അധികം വാങ്ങിച്ചു. ആ വർഷം ഇന്തോനേഷ്യയുടെ അടുത്തുള്ള സംഘം നമുക്കുണ്ടായി. എന്നിട്ട് നരേന്ദ്ര മോഡി ഒരു തീരുമാനമെടുത്തു, സ്വകാര്യ ട്രാവൽ ഏജൻസികൾക്ക് ഈ അധിക സീറ്റ് നൽകില്ല എന്ന്. പകരം തീർത്ഥാടകരെ സർക്കാർ ക്വാട്ടയിൽ കൊണ്ടുപോകാൻ ആലോചിച്ചു.
എന്നാൽ, സർക്കാറിന് കൊണ്ടുപോകാൻ വിമാനങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് മോഡി ഒരു പ്രഖ്യാപനം നടത്തി, സർക്കാർ നിശ്ചയിച്ച തുകക്ക് തീർത്ഥാടകരെ കൊണ്ടുപോകാൻ താൽപ്പര്യമുള്ള ഏജൻസികൾ മുന്നോട്ടുവരണമെന്ന്. അങ്ങനെ പതിനായിരത്തോളം ആളുകളെ സർക്കാർ നിശ്ചയിച്ച നിരക്കിൽ, ഒരു കൊള്ളലാഭവും ഇല്ലാതെ ഈ നാട്ടിലെ വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ സഹായം നൽകിയ മഹാനായ നേതാവാണ് നരേന്ദ്ര മോദഡി’ -അബ്ദുള്ളക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ.