Home Featured 34 കോടി കിട്ടിയെങ്കിലും അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും

34 കോടി കിട്ടിയെങ്കിലും അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും

by admin

റിയാദ്: ബ്ലഡ് മണി 34 കോടി സമാഹരിച്ചെങ്കിലും വധശിക്ഷ കാത്ത് സൗദി ജിയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. പണം കൈമാറ്റം ചെയ്യുന്നതിനും കോടതി നടപടികള്‍ക്കും സമയം വേണ്ടിവരുമെന്നതാണ് മോചനം വൈകാന്‍ കാരണം. അതേസമയം, നടപടികള്‍ നീണ്ടു പോയാല്‍ മോചനം മൂന്ന് മാസത്തോളം വൈകാനും സാധ്യതയുണ്ട്.

18 വര്‍ഷത്തിലധികമായി പൊന്നുമകനെ കാണാന്‍ കണ്ണീരോടെ കാത്തിരിപ്പാണ് റഹീമിന്റെ ഉമ്മ. നിലവില്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായുള്ള 34 കോടി രൂപ അഥവാ 15 മില്ല്യണ്‍ റിയാല്‍ ഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് ആദ്യ കടമ്പ. ഇത് പിന്നീട് സൗദിയിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും. ഇതിന് മാത്രം മൂന്നാഴ്ചയോളം സമയമെടുക്കും.

പണം ലഭ്യമായ കാര്യം എംബസിയാണ് സൗദി കോടതിയില്‍ അറിയിക്കുക. എന്നാല്‍ നിലവില്‍ ഈദ് അവധിയിലുള്ള സൗദി കോടതി ഒരാഴ്ച കഴിഞ്ഞേ തുറക്കൂ. കോടതിയിലെ തിരക്ക് കാരണം ഹിയറിങ്ങ് വൈകാനാണ് സാധ്യത. ഇതിനെ ആശ്രയിച്ചായിരിക്കും മോചനം നടക്കുക.

പണം തയാറാണെന്ന് കോടതിയെ അറിയിച്ചാലും അവസാനവട്ട സിറ്റിങ് നടത്തി റഹീമും എതിര്‍ കക്ഷികളും സംയുക്തമായി ഒപ്പിട്ടാലേ മോചനത്തിലേക്ക് കടക്കൂ. ദയാധനം ലഭിച്ചാല്‍ മാപ്പ് നല്‍കാമെന്ന് സ്‌പോണ്‍സറുടെ കുടുംബവും പണം നല്‍കാമെന്ന് റഹീമും കോടതി മുമ്പാകെ സത്യവാങ്മൂലം നല്‍കണം. കോടതിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതോടെ മാത്രമേ മോചനത്തിനുള്ള വാതില്‍ തുറക്കൂ. ഇതെല്ലാം ഒറ്റ സിറ്റിങ്ങില്‍ നടക്കാത്ത കാര്യങ്ങളായതിനാല്‍ കോടതിയുടെ സമയക്രമത്തിനനുസരിച്ചാവും മോചനം സാധ്യമാവുക. കോടതി നടപടികളുടെ നിയമസഹായത്തിന് ഒരു സംഘം ആളുകള്‍ തന്നെ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിമിനല്‍ കുറ്റത്തില്‍ പെട്ടതിനാല്‍ തിരികെ സൗദിയിലേക്ക് വരാനാവാത്ത വിധമായിരിക്കും റഹീമിനെ നാട്ടിലേക്ക് പറഞ്ഞയക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group