മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയിട്ടുള്ള ഒന്നാണ് ആടുജീവിതം. ജനപ്രീതിയില്‍ വിസ്മയം തന്നെ സൃഷ്ടിച്ച ബെന്യാമിന്‍റെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം ഒരുക്കുന്നത് ബ്ലെസിയാണ്. ഇതുവരെ ചെയ്തിട്ടില്ലാത്തതരം വേഷത്തില്‍ കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്‍റെ റിലീസ് നേരത്തേ പ്രഖ്യാപിച്ചിരുന്നതില്‍ നിന്നും നേരത്തേ നടക്കും എന്നതാണ് അത്. ഇത് സംബന്ധിച്ച അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. അതേ തീയതി തന്നെയാണ് അണിയറക്കാര്‍ ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെയും അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച് 28 ആണ് ആടുജീവിതത്തിന്‍റെ പുതിയ റിലീസ് തീയതി. ചിത്രം ഏപ്രില്‍ 10 ന് എത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എ ആര്‍ റഹ്‍മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്നമാണ് പൃഥ്വിരാജും നടത്തിയത്.
2008ൽ പ്രാരംഭ ജോലികള്‍ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14 നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.