Home Featured 17,000 രൂപയുടെ ഫേഷ്യല്‍ ചെയ്ത് യുവതിയുടെ മുഖം പൊള്ളി; സലൂണിനെതിരെ കേസ്

17,000 രൂപയുടെ ഫേഷ്യല്‍ ചെയ്ത് യുവതിയുടെ മുഖം പൊള്ളി; സലൂണിനെതിരെ കേസ്

by admin

സൗന്ദര്യവര്‍ധക വസ്തുക്കളുപയോഗിക്കുമ്പോഴോ, മേക്കപ്പ് സാധനങ്ങളുപയോഗിക്കുമ്പോഴോ എല്ലാം നമ്മള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും സ്കിൻ ടൈപ്പിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുയോജ്യമായ രീതിയിലുള്ള ഉത്പന്നങ്ങളല്ല ഉപയോഗിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അത് ഗുണമുണ്ടാക്കില്ലെന്ന് മാത്രമല്ല ദോഷവും ഉണ്ടാക്കാം. 

പ്രത്യേകിച്ച് ചില സൗന്ദര്യവര്‍ധക ഉത്പന്നങ്ങളോട് ചില സ്കിൻ ടൈപ്പുള്ളവര്‍ക്ക് അലര്‍ജിയുണ്ടാകാം. ഇതാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. വളരെ ഗൗരവമായ രീതിയില്‍ തന്നെ ഇത്തരത്തില്‍ ബ്യൂട്ടി കെയര്‍ ഉത്പന്നങ്ങള്‍ ചര്‍മ്മത്തെ ബാധിക്കാം. 

സമാനമായൊരു സംഭവമാണിപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്. മുബൈയിലെ അന്ധേരിയില്‍ ഫേഷ്യല്‍ ചെയ്തതിനെ തുടര്‍ന്ന് ഒരു യുവതിയുടെ മുഖത്ത് പൊള്ളലേറ്റിരിക്കുകയാണ്. ഇരുപത്തിമൂന്നുകാരിയായ യുവതിക്കാണ് വലിയ വില നല്‍കി ഫേഷ്യല്‍ ചെയ്തതിനെ തുടര്‍ന്ന് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായിരിക്കുന്നത്. 

17,000 രൂപയ്ക്കാണ് യുവതി ഫേഷ്യല്‍ അടക്കമുള്ള പ്രൊസീജ്യറുകള്‍ ചെയ്തത്രേ. ജൂണ്‍ 17നാണ് സംഭവം. ഫേഷ്യല്‍ തുടങ്ങി ആദ്യഘട്ടത്തില്‍ തന്നെ ചെറിയ അസ്വസ്ഥത തോന്നുന്നതായി യുവതി ഇത് ചെയ്യുന്നവരെ അറിയിച്ചിരുന്നു. എന്നാല്‍ ചിലര്‍ക്ക് ചില ഉത്പന്നങ്ങള്‍ ചെറിയ അസ്വസ്ഥതയുണ്ടാക്കുമെന്നും അത് സാധാരണമാണെന്നും കുറച്ച് സമയം കൂടി കാത്താല്‍ സുഖമാകുമെന്നും ഇവര്‍ യുവതിയെ ധരിപ്പിച്ചു. ചിലര്‍ക്ക് ഒന്നോ രണ്ടോ ദിവസങ്ങള്‍ ഈ അസ്വസ്ഥതയുണ്ടാകുമെന്നും അതില്‍ പേടിക്കാനില്ലെന്നും ഇവരറിയിച്ചു. 

എന്നാല്‍ സമയം വൈകുംതോറും യുവതിയുടെ  മുഖത്ത് പൊള്ളല്‍ രൂക്ഷമായി വന്നു. ഇതോടെ യുവതിയും കൂടെ വന്നവരും സലൂണിലുള്ളവരും തമ്മില്‍ വാക്കേറ്റമായി. ബഹളം കേട്ട് പുറത്ത് പട്രോളിംഗിലായിരുന്ന പൊലീസുകാര്‍ സലൂണിലേക്ക് കയറി കാര്യമന്വേഷിച്ചു. 

യുവതിയും കൂടെ വന്നവരും പൊലീസുകാരോട് കാര്യം പറഞ്ഞു. എന്നാല്‍ സലൂണുകാര്‍ ഇത് അംഗീകരിച്ചില്ല. തിരികെ വീട്ടിലേക്ക് മടങ്ങിയ യുവതി പിറ്റേന്ന് രാവിലെയോടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. അപ്പോഴേക്ക് മുഖത്ത് ആകെ പൊള്ളിയതിന്‍റെ പാടുകള്‍ പടര്‍ന്നിരുന്നു. പരിശോധനയില്‍ പൊള്ളല്‍ അല്‍പം സാരമുള്ളത് തന്നെയാണെന്നും പാടുകള്‍ പോകാൻ സാധ്യതയില്ലെന്നുമാണത്രേ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. 

നിലവാരമില്ലാത്തതോ കാലാവധി കഴിഞ്ഞതോ ആയ ഉത്പന്നങ്ങള്‍ ഉപയോഗിച്ചതോ, വിവിധ ഉത്പന്നങ്ങള്‍ മിക്സ് ചെയ്യുമ്പോള്‍ കൃത്യമല്ലാത്ത അനുപാതത്തിലായതോ ആകാം യുവതിയുടെ മുഖത്ത് പൊള്ളലേല്‍ക്കാൻ കാരണമായത് എന്നാണ്  ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. 

എന്തായാലും സംഭവത്തില്‍ സലൂണിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് യുവതിയുടെയും വീട്ടുകാരുടെയും തീരുമാനം. ഇതനുസരിച്ച് സലൂണ് ഉടമയ്ക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 

You may also like

error: Content is protected !!
Join Our WhatsApp Group