പാറ്റ്ന | ഓടുന്ന ട്രെയിനില്‍ നിന്ന് സമാന്തരമായ മറ്റൊരു ട്രാക്കിലൂടെ ഓടുന്ന ട്രെയിനിലെ യാത്രക്കാരെ യുവാവ് ബെല്‍റ്റ് കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബീഹാറിലാണ് സംഭവം. വിഷയത്തില്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് ഈസ്റ്റ് സെൻട്രല്‍ റെയില്‍വേ അറിയിച്ചു.
ട്രെയിനിന്റെ വാതിലില്‍ നില്‍ക്കുന്ന യുവാവ് തൊട്ടടുത്ത ട്രാക്കിലൂടെ ഓടുന്ന ട്രെയിനിന്റെ വാതിലില്‍ നില്‍ക്കുന്നവരെയാണ് ബെല്‍റ്റ് കൊണ്ട് അടിക്കുന്നത്. ട്രെയിനിന്റെ ഓരോ ഡോറിനടുത്ത് എത്തുമ്ബോഴും ഇയാള്‍ ബെല്‍റ്റ് കൊണ്ട് ആളുകളെ അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ ട്വീറ്റ് ചെയ്തതോടെയാണ് റെയില്‍വേയുടെ ശ്രദ്ധയില്‍പെട്ടത്. “മറ്റൊരു ട്രെയിനില്‍ വാതിലിനരികില്‍ ഇരിക്കുന്നവരെ ബെല്‍റ്റ് കൊണ്ട് ഈ മനുഷ്യൻ അടിക്കുന്നു. ഇത് ശരിയാണോ? ഈ ആള്‍ ബെല്‍റ്റ് കൊണ്ട് ഇടിക്കുന്നത് കാരണം വാതിലില്‍ ഇരിക്കുന്നവര്‍ ട്രെയിനില്‍ നിന്ന് വീഴാനിടയുണ്ട്. അത് വലിയ അപകടം വരുത്തും. ദയവു ചെയ്ത് ഇത്തരം സാമൂഹ്യ വിരുദ്ധ ഭീകരര്‍ ജനങ്ങളെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക” എന്ന അടിക്കുറിപ്പോടെയാണ് ഒരാള്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ഇതിനകം കണ്ടിട്ടുണ്ട്. ഇയാള്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നാണ് കമന്റുകളില്‍ ഭൂരിഭാഗം പേരും പ്രതികരിക്കുന്നത്.
ഏത് ട്രെയിനിലാണ് ഇയാള്‍ സഞ്ചരിക്കുന്നത് എന്നത് ഉള്‍പ്പെടെ വിവരങ്ങള്‍ ഇതിനകം ലഭ്യമായിട്ടില്ല. അക്രമം നടത്തിയ ആളെയും തിരിച്ചറിഞ്ഞിട്ടില്ല. വിഷയം ശ്രദ്ധയില്‍പെടുത്തിയതിന് നന്ദിയെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഈസ്റ്റ് സെൻട്രല്‍ റെയില്‍വേ ട്വീറ്റ് ചെയ്തു.