Home Featured പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം;5 ജവാന്മാർക്ക് വീരമൃത്യു

പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം;5 ജവാന്മാർക്ക് വീരമൃത്യു

by admin

ദില്ലി : ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച്  സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. 

ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലേക്ക് പോകുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണമുണ്ടായത്. ആദ്യഘട്ടത്തിൽ സൈനികവാഹനത്തിന് തീപിടിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. എന്നാൽ രാത്രിയോടെ സൈന്യം നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥീരികരിക്കുകയായിരുന്നു. വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വാഹനത്തിന് നേരെ വെടിവെക്കുകയായിരുന്നു. തുടർന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സൈന്യം സംശയിക്കുന്നത്. രാഷ്ട്രീയ റൈഫിൾസിലെ ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ രജൌരിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ഭീകരർ വനമേഖല വിട്ടു പോകാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാതയിൽ ഗതാഗതം താൽകാലികമായി നിർത്തിവെച്ചു. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ സംഭവത്തെ കുറിച്ച് പ്രതിരോധമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു. ആക്രമണത്തിന്റ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ ജാഗ്രത നിർദ്ദേശം നൽകി. 
 

പൂഞ്ചിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ 

1. ഹവീൽദാർ മൻദീപ് സിംഗ്

2. നായിക് ദേബാശിഷ് ​​ബസ്വാൾ

3. നായിക് കുൽ വന്ത് സിംഗ്

4. ഹർകൃഷൻ സിംഗ്

5. സേവക് സിംഗ്

തിരിച്ചടിക്കൊരുങ്ങി സൈന്യം, പൂഞ്ച് മേഖലയിൽ ഭീകരർക്കായി വ്യാപക തിരച്ചിൽ

ദില്ലി : അഞ്ചു സൈനികർ വീരൃത്യു വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങി സൈന്യം. വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണം നടത്തിയത് ഈ ഭീകരരെന്നാണ് സേനയുടെ വിലയിരുത്തൽ. പ്രദേശത്ത് ആകാശമാർഗമുള്ള നിരീക്ഷണവും ശക്തമാക്കി.

ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. ഭീകരാക്രമണത്തിന് പിന്നാലെ അതീവജാഗ്രതയിലാണ് ജമ്മു കശ്മീർ. അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. പ്രധാനമന്ത്രി യോഗം വിളിച്ച സ്ഥിതി വിലയിരുത്തി. എൻഐഎ സംഘവും, ബോംബ് സ്ക്വാഡും സെപ്ഷ്യൽ ഓപ്പറേഷൻസ് ടീമും പ്രദേശത്ത് പരിശോധന നടത്തി. കേസ് എൻഐഎ അന്വേഷിക്കും. ജെയ്ഷേ മുഹമ്മദ് അനൂകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഭീകരർക്കായുള്ള തെരച്ചിൽ രണ്ടാം ദിവസും സൈന്യം തുടരുകയാണ്. ഗ്രനേഡ് ഏറിഞ്ഞ ശേഷം സൈനിക ട്രക്കിന്റെ ഇന്ധനടാങ്കിലാണ് ഭീകരരർ വെടിവെച്ചത്. പ്രതികൂല കാലാവസ്ഥ മറയാക്കിയാണ് ഭീകരരർ ഇന്നലെ ആക്രമണം നടത്തിയത്. 

കശ്മീർ സുരക്ഷിതമെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ വിമർശനവുമായി സിപിഐ രംഗത്ത് എത്തി. ബിജെപിയുടെ പരാജയപ്പെട്ട കശ്മീർ നയമാണ് ആക്രണത്തിന് കാരണമെന്ന് ബിനോയ് വിശ്വം എംപി ട്വീറ്റ് ചെയ്തു. പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഷാങ്ഹായി സഹകരണ യോഗത്തിനായി അടുത്ത മാസം ആദ്യം ഇന്ത്യയിലേക്ക് വരുമെന്ന സ്ഥിരീകരണം വന്നിരുന്നു. ഇതിനു ശേഷമാണ് ആക്രമണമുണ്ടായത്. 

You may also like

error: Content is protected !!
Join Our WhatsApp Group