Home Featured ബംഗളുരുവിൽ ചായക്കടയുടമയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവർന്നു; എട്ടുപേർ അറസ്റ്റിൽ

ബംഗളുരുവിൽ ചായക്കടയുടമയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവർന്നു; എട്ടുപേർ അറസ്റ്റിൽ

by admin

ബെംഗളൂരു: ചായക്കടയുടമയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കവർന്ന സംഭവത്തിൽ സുഹൃത്തുക്കൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ കാർത്തിക് (32), രാഹുൽ (28), മനോജ് കുമാർ (37), ഈശ്വർ (35), രാംകുമാർ (30), മോഹൻ (24), നിശ്ചൽ ഗൗഡ (30), വരുൺ (30) എന്നിവരെയാണ് ഹനുമന്തനഗർ പോലീസ് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽനിന്ന് പിടികൂടിയത്. ഈ മാസം അഞ്ചിനാണ് തിലക് നഗറിന് സമീപം ചായക്കട നടത്തുകയായിരുന്ന തിലക് മണികണ്ഠ എന്നയാളെ സംഘം തട്ടിക്കൊണ്ടുപോയി പണം കവർന്നത്.

സ്ഥിരമായി ഗോവയിലെ കാസിനോകളിൽ ചൂതാട്ടംനടത്തുന്നയാളാണ് തിലക്. ജൂലായിൽ സുഹൃത്തുക്കളായ കാർത്തിക്കിനും മനോജിനും ഈശ്വറിനുമൊപ്പം ഗോവയിലെത്തി ചൂതാട്ടം നടത്തിയ ഇയാൾക്ക് 25 ലക്ഷം രൂപ ലഭിച്ചിരുന്നു. എന്നാൽ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കാതെ പണവുമായി തിലക് ബെംഗളൂരുവിലേക്ക് മടങ്ങി. ഏതാനും ദിവസങ്ങൾക്കുശേഷമാണ് തനിക്ക് പണം ലഭിച്ചകാര്യം വാട്ട്‌സാപ്പ് സ്റ്റാറ്റസിലൂടെ ഇയാൾ വെളിപ്പെടുത്തിയത്. ഇതോടെ പണത്തിൽ ഒരുപങ്ക് തങ്ങൾക്ക് നൽകണമെന്ന് കാർത്തിക്കും മനോജും ഈശ്വറും തിലകിനോട് ആവശ്യപ്പെട്ടു. ഇതു വിസമ്മതിച്ചതോടെയാണ് മറ്റുള്ളവരുമായി ചേർന്ന് തിലകിനെ തട്ടിക്കൊണ്ടുപോകാൻ മൂവരും ചേർന്ന് പദ്ധതി തയ്യാറാക്കിയത്.

തുടർന്ന് ഓഗസ്റ്റ് അഞ്ചിന് കടയ്ക്ക് സമീപം നിൽക്കുകയായിരുന്ന തിലകിനെ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കൈവശപ്പെടുത്തി. തുടർന്ന് തിലകിനെ വീടിന് സമീപത്ത് ഇറക്കിവിട്ട സംഘം മഹാരാഷ്ട്രയിലേക്ക് കടന്നു. തൊട്ടടുത്ത ദിവസമാണ് തിലക് പോലീസിൽ പരാതിനൽകിയത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ മഹാരാഷ്ട്രയിലുണ്ടെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇവരെ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.

എക്സ്പ്രസ്സ്‌ വേയിൽ ഇരുമ്പുവേലികൾ മോഷണംപോകുന്നു : പട്രോളിങ് ശക്തമാക്കാൻ പോലീസ്

ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗപാതയിലെ ഇരുമ്പുവേലികൾ വ്യാപകമായി മോഷണംപോകുന്ന സാഹചര്യത്തിൽ പട്രോളിങ് ശക്തമാക്കാൻ പോലീസ്. ചന്നപട്ടണയിൽനിന്ന് ഒരാഴ്ചയ്ക്കിടെ ഒന്നരക്കിലോമീറ്ററോളം ദൂരത്തിൽ സ്ഥാപിച്ച കമ്പിവേലി മോഷ്ടാക്കൾ കടത്തിയിരുന്നു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ദേശീയ പാത അതോറിറ്റിക്കുണ്ടായത്. ഇതിനുപുറമേ പാതയിൽ അപകടമുണ്ടാകാനുള്ള സാധ്യതയും വർധിച്ചു. മോഷണം തടയുന്നത് ലക്ഷ്യമിട്ട് രാത്രികാലങ്ങളിൽ കൂടുതൽ പോലീസ് സംഘങ്ങളെ പാതയിൽ നിയോഗിക്കുമെന്ന് രാമനഗര പോലീസ് അറിയിച്ചു.

കമ്പിവേലി മോഷണംപോയ സംഭവത്തിൽ പ്രതികളെക്കുറിച്ചുള്ള ചില സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ചന്നപട്ടണ, രാമനഗര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സംഘങ്ങളാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. ഇത്തരം കമ്പിവേലികൾ മോഷ്ടാക്കൾ ആക്രിക്കടകളിൽ വിൽക്കുകയാണ് പതിവ്. ആക്രിക്കടകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങളിൽ പോലീസ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കവർച്ചകൾ നിരന്തരം ആവർത്തിക്കുമ്പോഴും ഭൂരിഭാഗം കേസുകളിലും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. രാമനഗരയിലാണ് ഇത്തരം കവർച്ചാ സംഘങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം

You may also like

error: Content is protected !!
Join Our WhatsApp Group