ബെംഗളൂരു: ചാമരാജനഗർ ജില്ലയിൽ പുലിയുടെ ആക്രമണത്തിൽ ഒമ്പതുവയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. മല്ലിഗെഹള്ളി സ്വദേശി ഹർഷിതിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
മുഖത്തും കഴുത്തിലും അടിവയറ്റിലും കാലുകൾക്കും പരിക്കേറ്റ ഹർഷിത് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിന് സമീപത്തുവെച്ചാണ് പുലി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഗ്രാമവാസികൾ ഓടിയെത്തി ബഹളം വെച്ചപ്പോൾ പുലി കൃഷിയിടത്തിലേക്ക് ഓടിമറയുകയായിരുന്നു. കുട്ടിയെ ആദ്യം യെലന്ദുരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞ മൂന്നുദിവസമായി പ്രദേശത്ത് പുലിയുടെ ശല്യമുള്ളതായി പ്രദേശവാസികൾ പറഞ്ഞു. കെസ്തുരു, മല്ലിഗെഹള്ളി, കത്നവാടി, ഹൊസുരു ഗ്രാമങ്ങളിൽ പുലിയെ കണ്ടിരുന്നു. പുലിയെ പിടികൂടണമെന്ന് ഗ്രാമവാസികൾ വനംവകുപ്പുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ചാമരാജനഗറിൽ കഴിഞ്ഞ 26-ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ആറുവയസ്സുകാരി ഈ മാസം 15-ന് മരിച്ചിരുന്നു. ഹാനൂർ കഗ്ഗാളിഗണ്ടി ഗ്രാമത്തിലെ സുശീലയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച മൈസൂരുവിലും പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റിരുന്നു.