Home കർണാടക കര്‍ണാടകയില്‍ വനമേഖലയില്‍ കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി

കര്‍ണാടകയില്‍ വനമേഖലയില്‍ കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി

by admin

ബെംഗളൂരു: കർണാടകയിലെ തുമകൂരുവിലുള്ള വനമേഖലയില്‍ കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ലങ്കൂറുകള്‍ ഉള്‍പ്പെടെ 11 കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.തുമകൂരു താലൂക്കിലെ ദേവരായണദുർഗ-ദുർഗദഹള്ളി വനമേഖലയിലാണ് സംഭവം. 200 മുതല്‍ 500 മീറ്റർ വരെ ചുറ്റളവിലാണ് 11 കുരങ്ങുകളുടെയും ജഡങ്ങള്‍ കണ്ടെത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.കുരങ്ങുകള്‍ ചത്തതുമായി ബന്ധപ്പെട്ട് ആദ്യ റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, ശനിയാഴ്ച രാവിലെയോടെ കൂടുതല്‍ കുരങ്ങുകളെ വീണ്ടും ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയില്‍ ഭക്ഷ്യവിഷബാധയുണ്ടെന്ന സംശയമാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.

കുരങ്ങുകളുടെ അന്നനാളത്തിലും കുടലിലും അരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കുരങ്ങുകള്‍ എന്തെങ്കിലും അവശിഷ്ടമോ ചീഞ്ഞതോ ആയ ഭക്ഷണം കഴിച്ചിരിക്കാമെന്ന് ഒരു മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.കുരങ്ങുകളുടെ വായയുടെയും കഴുത്തിന്റെയും ഭാഗങ്ങളില്‍ നീലകലർന്ന നിറം കാണപ്പെട്ടതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇത് വിഷബാധയുണ്ടെന്ന സംശയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. മറ്റെന്തെങ്കിലും രോഗത്തിന്റെ സാധ്യത നിലവില്‍ ഇല്ലെന്നാണ് റിപ്പോർട്ട്. ലബോറട്ടറി ഫലം വിശകലനം ചെയ്ത ശേഷം മാത്രമേ കൃത്യമായ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്ബിളുകള്‍ ബെംഗളൂരുവിലെ ഒരു ലബോറട്ടറിയിലേക്കും ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും (എഫ്‌എസ്‌എല്‍) അയച്ചിട്ടുണ്ട്. റിപ്പോർട്ടുകള്‍ ഉടൻ ലഭിക്കുമെന്നാണ് സൂചന. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group