വഡോദര: രാത്രിയില്‍ മുതലയെ തല്ലിക്കൊന്ന് കുളത്തിലിട്ട യുവാക്കള്‍ക്കെതിരെ കേസ് എടുത്ത് വനം വകുപ്പ്. ഗുജറാത്തിലെ വഡോദരയിലെ കർജാൻ താലൂക്കിലെ ഛോർഭുജിലാണ് സംഭവം.വടി കൊണ്ട് മുതലയെ തല്ലിക്കൊല്ലുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമത്തിലെത്തിയ മുതലയെ ബിപിൻ നായക്, വിത്തല്‍ നായക് എന്നീ രണ്ട് യുവാക്കളാണ് അതിക്രൂരമായി തല്ലിക്കൊന്നത്. ഒരാള്‍ വടികൊണ്ട് അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലുമ്പോള്‍ രണ്ടാമൻ ടോർച്ച് അടിച്ച് കൊടുക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. വീഡിയോ വൈറലായതിന് പിന്നാലെയാണ് വനംവകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.
ഛോർഭുജ് ഗ്രാമത്തിന് സമീപത്തെ കുളത്തില്‍ നിന്നാണ് മുതല ഗ്രാമത്തിലേക്ക് എത്തിയത്. രാത്രിയില്‍ പുറത്തിറങ്ങിയ ആളുകള്‍ മുതലയെ ആക്രമിക്കുകയായിരുന്നു. തല്ലിക്കൊന്ന ശേഷം ഇവർ മുതലയെ ഇതേ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 17നാണ് ഇവ മുതലയെ കൊലപ്പെടുത്തിയത്. ഇവരെ വെള്ളിയാഴ്ച കർജനിലെ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ജനുവരി 21ഓടെയാണ് സംഭവത്തിന്റെ വീഡിയോ വൈറലായത്. അഞ്ച് വയസോളം പ്രായമുള്ള മുതലയാണ് യുവാക്കളുടെ ആക്രമണത്തില്‍ ചത്തത്. സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് മറ്റൊരു മുതലയെ ഗ്രാമത്തില്‍ നിന്ന് വനംവകുപ്പ് പിടികൂടിയിരുന്നു.മുതലയുടെ മൃതദേഹം വനംവകുപ്പ് കുളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഷെഡ്യൂള്‍ 1 ല്‍ ഉള്‍പ്പെടുന്ന ജീവിയാണ് മുതല എന്നിരിക്കെയാണ് ക്രൂരമായ ആക്രമണം. കുറ്റ കൃത്യം തെളിഞ്ഞാല്‍ യുവാക്കള്‍ക്ക് മൂന്ന് മുതല്‍ 7 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ജാമ്യമില്ലാത്ത കുറ്റമാണ് ഷെഡ്യൂള്‍ 1ല്‍ ഉള്‍പ്പെടുന്ന ജീവികളെ കൊലപ്പെടുത്തുന്നത്. 1960ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശ്വാമിത്രി നദിയില്‍ 50 മുതലകളായിരുന്നു ഉണ്ടായിരുന്നത്. നിലവില്‍ ഇത് 400 മുതലകളാണ്. വഡോദരയില്‍ 1000ത്തോളം മുതലകളാണ് ഡേവ്, ദാദർ, നർമ്മദ നദികളിലായി ഉള്ളത്. നദികളിലും തടാകങ്ങളിലുമാണ് സാധാരണയായി മുതലകളുടെ ആവാസ കേന്ദ്രം. മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് സർക്കാർ 4 ലക്ഷം രൂപയാണ് സഹായധനം നല്‍കുന്നത്.