ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ കണ്ടെയ്‌നർ ലോറി ഡിവൈഡർ മറികടന്ന് എതിർദിശയിലെ പാതയിലെത്തി. പാതയിലൂടെ ഈസമയം വാഹനങ്ങൾ കടന്നുപോകാത്തതിനാൽ വൻദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് രാമനഗരയിലായിരുന്നു സംഭവം.
ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്നു ലോറി. രാമനഗര ചന്നപട്ടണയിലെത്തിയപ്പോൾ ലോറി നിയന്ത്രണംവിട്ട് എതിർദിശയിലുള്ള പാതയിലേക്ക് കയറുകയായിരുന്നു. തുടർന്നും മുന്നോട്ടുപോയ ലോറി സർവീസ് റോഡിലേക്ക് കയറിയാണ് നിന്നത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. ലോറി എതിർദിശയിലെ റോഡിൽ കയറുന്നതിന് തൊട്ടുമുമ്പുവരെ അതുവഴി വാഹനങ്ങൾ കടന്നുപോയിരുന്നു. ലോറിഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചന്നപട്ടണ ട്രാഫിക് പോലീസ് ഡ്രൈവറുടെപേരിൽ കേസെടുത്തു. അതിവേഗപാതയിൽ അപകടങ്ങൾ വർധിക്കുന്നതിനിടെയാണ് വലിയൊരപകടം നേരിയവ്യത്യാസത്തിൽ മാറിപ്പോയത്.
ഇരട്ട കൊലപാതകം;രാഷ്ട്രീയ പ്രചാരണം വേണ്ടെന്ന് കർണാടക പോലീസ്
ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി.സ്ഥാപനത്തിന്റെ എം.ഡി. യെയും സി.ഇ.ഒ.യെയും കൊലപ്പെടുത്തിയ സംഭവം സാമൂഹികമാധ്യമങ്ങളിൽ രാഷ്ട്രീയച്ചുവയോടെ പ്രചരിപ്പിക്കുന്നതിനെതിരേ പോലീസ്.
കൊലപാതകവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിൽനിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് ബെംഗളൂരു പോലീസ് ട്വിറ്ററിൽ അഭ്യർഥിച്ചു. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം മുന്നേറുകയുമാണ്. ഇതിനിടെ സന്ദേശങ്ങൾ പങ്കുവെക്കരുതെന്ന് ട്വീറ്റിൽ പറയുന്നു.
മറ്റൊരു ഹിന്ദു നേതാവുകൂടി കർണാടകത്തിൽ കൊല്ലപ്പെട്ടെന്ന് പറഞ്ഞ് കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് ശ്രദ്ധയിൽപെട്ടാണ് പോലീസിന്റെ അഭ്യർഥന. കൊല്ലപ്പെട്ട കമ്പനി എം.ഡി. ഫണീന്ദ്ര സുബ്രഹ്മണ്യത്തിന്റെ ചിത്രം സഹിതമാണ് പ്രചാരണമുണ്ടായത്.