ഈരാറ്റുപേട്ട: തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ബെംഗളൂരു പിഇഎസ് കോളജ് വിദ്യാര്‍ഥി അഫലേഷ് (19) ആണ് മരിച്ചതെന്നാണ് വിവരം. ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്.ബെംഗളൂരുവില്‍ നിന്ന് വാഗമണ്ണില്‍ എത്തിയ അഞ്ചംഗ സംഘത്തിലെ യുവാവാണ് അപകടത്തില്‍പെട്ടത്. വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരുംവഴി മാര്‍മല അരുവിയിലേക്കും സംഘം പോകുകയായിരുന്നു. മാര്‍മല അരുവിയില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്.
മുന്നറിയിപ്പുകളെ വകവയ്ക്കാതെ വെള്ളത്തില്‍ ഇറങ്ങുന്നത് വീണ്ടും അപകടങ്ങള്‍ക്കിടയാക്കുകയാണ്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നീന്തല്‍ പരിചയമുള്ളവര്‍പോലും തണുത്തുറഞ്ഞ വെള്ളത്തില്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റില്‍
മംഗളൂരു: ഗ്രാമപഞ്ചായത്ത് ഡവലപ്മെന്റ് ഓഫിസറെ 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.മംഗളൂരുവിനടുത്ത കൗക്രാഡി പഞ്ചായത്ത് പി.ഡി.ഒ ജി.എൻ.മഹേഷിനെയാണ് അറസ്റ്റ് ചെയ്തത്.
ബെല്‍ത്തങ്ങാടി താലൂക്കില്‍ കൊക്കഡയിലെ തന്റെ സ്ഥലവുമായി ബന്ധപ്പെട്ട രേഖ ലഭിക്കുന്നതിന് 2017ല്‍ അപേക്ഷ നല്‍കിയ ആള്‍ ഓഫീസില്‍ അതിന്റെ പുരോഗതി തിരക്കിയപ്പോള്‍ ആ അപേക്ഷ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. 2021ല്‍ ആവശ്യമായ ഫീസ് അടച്ച് വീണ്ടും അപേക്ഷിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച അപേക്ഷയുടെ സ്ഥിതി അന്വേഷിച്ച് ചെന്നപ്പോള്‍ രേഖ ശരിയാക്കണമെങ്കില്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് അപേക്ഷകൻ ലോകായുക്ത എസ്.പി സി.എ സൈമന് പരാതി നല്‍കുകയും കൈക്കൂലി വാങ്ങുന്നതിനിടെ എസ്.പി ഒരുക്കിയ വലയില്‍ വി.ഡി.ഒ കുടുങ്ങുകയും ചെയ്തു. ഡിവൈ.എസ്.പി കെ. കലാവതി, ഇൻസ്പെക്ടര്‍മാരായ അമാനുല്ല, വിനായക ബില്ലവ എന്നിവരടങ്ങിയ സംഘമാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്.