ബെംഗളൂരു: 11 വയസ്സുള്ള പെൺകുട്ടിയെ മാസങ്ങളോളം പിന്തുടർന്ന 32 കാരനായ ജിംനാസ്റ്റിക്സ് പരിശീലകൻ പോലീസിന്റെ വലയിലായി.തെക്കുകിഴക്കൻ ബെംഗളൂരുവിലെ വർത്തൂരിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ജിംനാസ്റ്റിക്സ് ക്ലാസുകൾ നടത്തിവന്ന മഞ്ജുനാഥ് എസ്.എസ്. (32) എന്നയാളെയാണ് ബെല്ലന്ദൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഐ.ടി. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ അവളെ മഞ്ജുനാഥിന്റെ ക്ലാസിൽ ചേർത്തിരുന്നു. എന്നാൽ ചില ആഴ്ചകൾക്കുശേഷം കോച്ചിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയും അവർ പരിശീലനം നിർത്തുകയും ചെയ്തു.അതോടെ മഞ്ജുനാഥ് അവളെ പിന്തുടരുകയും സ്കൂൾ, മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. പെൺകുട്ടിയുടെ ദൈനംദിന നീക്കങ്ങളെക്കുറിച്ച് അവളുടെ പിതാവിന് ഇമെയിൽ അയയ്ക്കാനും അയാൾ തുടങ്ങി.“പെൺകുട്ടിയെ ദൂരത്ത് നിന്ന് കാണുമ്പോൾ തനിക്ക് സന്തോഷം തോന്നുന്നു” എന്നതുപോലുള്ള സന്ദേശങ്ങൾ അയച്ചതിനെ തുടർന്ന് പരിഭ്രാന്തരായ മാതാപിതാക്കൾ പോലീസിനെ സമീപിച്ചു.പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ച് നവംബർ 6-ന് കെങ്കേരിയിലെ മൈലസാന്ദ്രയിൽ നിന്ന് മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമവും ഭാരതീയ ന്യായസംഹിത (BNS) വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.