Home കർണാടക സോഷ്യല്‍ മീഡിയകളിലെ വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രസംഗവും തടയാൻ പ്രത്യേക യൂണിറ്റുമായി കര്‍ണാടക സര്‍ക്കാര്‍

സോഷ്യല്‍ മീഡിയകളിലെ വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രസംഗവും തടയാൻ പ്രത്യേക യൂണിറ്റുമായി കര്‍ണാടക സര്‍ക്കാര്‍

by ടാർസ്യുസ്

ബെംഗളൂരു: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ വാർത്തകളും വിദ്വേഷ പ്രസംഗങ്ങളും തടയാൻ പ്രത്യേക യൂണിറ്റ് ആരംഭിക്കാനുള്ള നീക്കവുമായി കർണാടക സർക്കാർ.വ്യാജ വാർത്തകള്‍, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവ തടയാൻ കർണാടക സർക്കാർ ആഭ്യന്തര വകുപ്പിന്റെയും ഐടി-ബിടി വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ ഇൻഫർമേഷൻ ഡിസോർഡർ ടാക്കിങ് യൂണിറ്റ് സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.പൊതുഭരണം, പൊതു സുരക്ഷ, ക്രമസമാധാനം സ്വാധീനം ചെലുത്തുന്ന തെറ്റായ വിവരങ്ങള്‍, വ്യാജ വാർത്തകള്‍, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവ നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യം. ഈ സംരംഭത്തിന്റെ ഭാഗമായി പുതിയ യൂണിറ്റിനും പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമിടയില്‍ ഇടപെടല്‍ നടത്തും.

ഇന്റർനെറ്റ് ആൻഡ് മൊബൈല്‍ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ) പ്രതിനിധികളുമായും പ്രമുഖ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായും അടുത്തിടെ നടത്തിയ കൂടിയാലോചനയെ തുടർന്നാണ് ഈ നീക്കമെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു.പ്രത്യേക യൂണിറ്റിൻ്റെ ഭാഗമായി സംസ്ഥാനത്തിന്റെ നിർദിഷ്ട ഇൻഫർമേഷൻ ഡിസോർഡർ ടാക്കലിങ് യൂണിറ്റും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും തമ്മില്‍ സമ്പർക്ക കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. അടിയന്തര ഘട്ടങ്ങളില്‍ വേഗത്തിലുള്ള ഏകോപനം സാധ്യമാക്കുന്നതിന് ഒരു ദ്രുത ആശയവിനിമയ സംവിധാനവും സൃഷ്ടിക്കും.ഐടി – ബിടി വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി ഇൻഫർമേഷൻ ഡിസോർഡർ ടാക്കലിംഗ് യൂണിറ്റിനെ നയിക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമായി വേഗത്തിലുള്ള ഏകോപനം സാധ്യമാക്കാനും, ദോഷകരമായ ഓണ്‍ലൈൻ ഉള്ളടക്കത്തിനെതിരെ ഉടനടി നടപടിയെടുക്കാനും, തെറ്റായ വിവരങ്ങള്‍ക്കും വിദ്വേഷ പ്രസംഗങ്ങള്‍ക്കുമെതിരെ സംസ്ഥാനത്തിന്റെ പ്രതികരണം മെച്ചപ്പെടുത്താനും യൂണിറ്റ് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

സാങ്കേതിക പ്ലാറ്റ്‌ഫോമുകളുമായും മറ്റ് പങ്കാളികളുമായും സഹകരണത്തിലൂടെ സുരക്ഷിതവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഡിജിറ്റല്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.പൊതുജന സുരക്ഷ, ക്രമസമാധാനം, സാമൂഹിക ഐക്യം എന്നിവയ്ക്ക് ഭീഷണിയായേക്കാവുന്ന ഓണ്‍ലൈൻ ഉള്ളടക്കം തിരിച്ചറിയുന്നതിനും അവയോട് വേഗത്തില്‍ പ്രതികരിക്കുന്നതിനും സർക്കാരും സാങ്കേതിക കമ്പനികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. ഭരണം, പൊതു സുരക്ഷ, ക്രമസമാധാനം എന്നിവയില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന തെറ്റായ വിവരങ്ങള്‍, വ്യാജ വാർത്തകള്‍, വിദ്വേഷ പ്രസംഗം എന്നിവയെ നിയന്ത്രിക്കുക എന്നതാണ് നിർദ്ദിഷ്ട ചട്ടക്കൂടിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group