മംഗളുരു :വീര്‍ വിനായക് ദാമോദര്‍ സവര്‍കറിന്റെ പടം സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം ചേര്‍ത്തതില്‍ പ്രതിഷേധിച്ച് കബക ഗ്രാമ പഞ്ചായത്തിന്റെ വാഹനം തടഞ്ഞു എന്ന കേസില്‍ മൂന്ന് യുവാക്കളെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കബക ഗ്രാമം വിദ്യാപുര വീട്ടില്‍ കെ അജീസ് (43), കബക ഗ്രാമം ഉമര്‍ മുറ വീട്ടില്‍ ശമീര്‍ (40), കൊടിപ്പടി ഗ്രാമം കൊടിപ്പടി വീട്ടില്‍ അബ്ദുര്‍ റഹ്‌മാന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
സ്വാതന്ത്ര്യദിന സന്ദശവുമായി നഗരത്തില്‍ സഞ്ചരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി സജ്ജീകരിച്ച ഭാരത് മാത എന്നെഴുതിയ വാഹനത്തില്‍ സ്വതന്ത്ര്യസമര സേനാനികളുടെ പടങ്ങള്‍ക്കൊപ്പം വീര്‍ വിനായക് ദാമോദര്‍ സവര്‍കറിനെ ഉള്‍പെടുത്തിയിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. എന്തുകൊണ്ട് ടിപ്പു സുല്‍ത്വാനെ ഉള്‍പെടുത്തിയില്ല എന്ന് ആരായുകയും ചെയ്തു.
പ്രതിഷേധക്കാരും തമ്മില്‍ ദീര്‍ഘനേരം വാഗ്വാദം നടന്നു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
എസ് ഡി പി ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് വിവരം അറിഞ്ഞ് പഞ്ചായത്ത് ഓഫീസില്‍ എത്തിയ പുത്തൂര്‍ എംഎല്‍എയും ബിജെപി നേതാവുമായ സഞ്ജീവ മടന്തൂര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നുള്ള സംഘടനകളാണ് ഈ അക്രമത്തിന് പിന്നിലെന്നാണ് അദ്ദേഹം പറഞ്ഞത്.