Home കർണാടക ഗാന്ധിജി താമസിച്ച ‘കുമാരകൃപ’ ഇനി ഡി.കെ. ശിവകുമാറിന്റെ വസതി

ഗാന്ധിജി താമസിച്ച ‘കുമാരകൃപ’ ഇനി ഡി.കെ. ശിവകുമാറിന്റെ വസതി

by ടാർസ്യുസ്

ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രിമാരുടെ പരമ്പരാഗത ഔദ്യോഗിക വസതികളായ കൃഷ്ണയും കാവേരിയും അനുഗ്രഹയുമൊന്നും തനിക്ക് വേണ്ടെന്ന് പ്രഖ്യാപിച്ച്‌, കോണ്‍ഗ്രസിന്റെ കരുത്തനായ പുതിയ മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ താമസത്തിനായി തിരഞ്ഞെടുത്തത് 160 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ‘കുമാരകൃപ’ ബംഗ്ലാവ്. ബെംഗളൂരുവിലെ ഏറ്റവും വലിയ പൈതൃക അത്ഭുതങ്ങളിലൊന്നായ ഈ വമ്പന്‍ കൊട്ടാരസദൃശ്യമായ കെട്ടിടം നിലവില്‍ മുഖ്യമന്ത്രിക്ക് താമസിക്കാനായി പൊതുമരാമത്ത് വകുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിച്ചു വരികയാണ്. അടുത്ത രണ്ട് മാസത്തിനകം പണി പൂര്‍ത്തിയാക്കി ഡി.കെ. ശിവകുമാര്‍ ഇങ്ങോട്ട് താമസം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിലവില്‍ താമസിക്കുന്ന ‘കാവേരി’ വസതി ഒഴിഞ്ഞുതരാന്‍ മടിച്ചതോടെയാണ്, ഡി.കെ തന്റെ തനത് ശൈലിയില്‍ ചരിത്രപ്രസിദ്ധമായ മറ്റൊരു രാജകീയ മന്ദിരം തന്നെ ഭരണം നിയന്ത്രിക്കാനായി സ്വന്തമാക്കിയത്.

ഡി.കെ. ശിവകുമാര്‍ ഈ ബംഗ്ലാവ് തിരഞ്ഞെടുക്കാന്‍ കാരണം കേവലം അതിന്റെ ആഡംബരം മാത്രമല്ല, കടുത്ത വാസ്തു ശാസ്ത്ര വിശ്വാസം കൂടിയാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കിഴക്കോട്ട് ദര്‍ശനമുള്ള ഈ ബംഗ്ലാവ് ശിവകുമാറിന്റെ രാഷ്ട്രീയ ഭാവിക്കും വാസ്തു താല്പര്യങ്ങള്‍ക്കും അതീവ അനുയോജ്യമാണ്. നേരത്തെ വിധാന സൗധയിലെ മുഖ്യമന്ത്രിയുടെ ചേംബറിലെ ഇരിപ്പിടം കിഴക്കോട്ട് മാറ്റിയതും, സത്യപ്രതിജ്ഞാ ചടങ്ങില്‍ അദ്ദേഹം കിഴക്കോട്ട് തിരിഞ്ഞുനിന്നതും ഇതേ വാസ്തു ഉപദേശപ്രകാരമായിരുന്നു.മൈസൂര്‍ മഹാരാജാക്കന്മാരുടെ കീഴില്‍ ദിവാനായിരുന്ന സര്‍ കെ. ശേഷാദ്രി അയ്യരുടെ സ്വകാര്യ വസതിയായിരുന്നു ഈ കുമാരകൃപ ബംഗ്ലാവ്. അക്കാലത്ത് ബെംഗളൂരു നഗരത്തില്‍ ആദ്യമായി വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ചതും ഹെസരഘട്ടയില്‍ നിന്ന് വെള്ളം പമ്പ് ചെയ്തതുമെല്ലാം ഈ ദിവാനായിരുന്നു. കുമാരസ്വാമി (ഷണ്മുഖന്‍) ഭക്തനായിരുന്ന ശേഷാദ്രി അയ്യര്‍ തന്റെ വസതിക്ക് ദൈവകൃപയ്ക്കായി ‘കുമാരകൃപ’ എന്ന് പേരിടുകയായിരുന്നു. 1927-ല്‍ ബെംഗളൂരു സന്ദര്‍ശിച്ച വേളയില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ദിവസങ്ങളോളം താമസിച്ചതും ഇതേ ബംഗ്ലാവിലാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ചരിത്ര പ്രാധാന്യം.

ഡി.കെ. ശിവകുമാര്‍ പുതിയ മുഖ്യമന്ത്രിയായി ചാര്‍ജെടുത്തതോടെ കുമാരകൃപ ബംഗ്ലാവില്‍ ഉണ്ടായിരുന്ന പല പഴയ ഫയലുകളും അടിയന്തിരമായി മാറ്റാന്‍ നടപടി തുടങ്ങി കഴിഞ്ഞു. മുന്‍പ് ബിജെപി ഭരണകാലത്തെ കോവിഡ് അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഫയലുകള്‍ സൂക്ഷിച്ചിരുന്ന മൂന്ന് വലിയ മുറികള്‍ മഗാഡി റോഡിനടുത്തുള്ള ആരോഗ്യ സൗധയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ ഇവിടെ താമസിക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലമാനിയെയും ഇവിടെ നിന്നും മാറ്റും.അതേസമയം, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗിക വസതിയായ ‘കാവേരി’ ഒഴിഞ്ഞുകൊടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ വസതി തന്റെ മകനും മന്ത്രിയുമായ ഡോ. യതീന്ദ്രയുടെ പേരില്‍ അനുവദിച്ച്‌ വാങ്ങി അവിടെത്തന്നെ തുടരാനാണ് സിദ്ധരാമയ്യയുടെ നീക്കം. ഇതോടെയാണ് ഡി.കെ. ശിവകുമാര്‍ 12 വമ്പന്‍ മുറികളും തേക്ക് തടിയില്‍ തീര്‍ത്ത ജനലുകളും വാതിലുകളുമുള്ള അതിവിശാലമായ കുമാരകൃപയിലേക്ക് മാറാന്‍ തീരുമാനിച്ചത്.

ഒരു പൈതൃക സ്മാരകമായി സംരക്ഷിക്കേണ്ട കുമാരകൃപ ബംഗ്ലാവ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കി മാറ്റുന്നതില്‍ ചരിത്രകാരന്മാരും പരിസ്ഥിതിവാദികളും കടുത്ത ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രി എത്തുന്നതോടെ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍, വിഐപികളുടെ വന്‍ പ്രവാഹം, നൂറുകണക്കിന് വാഹനങ്ങളുടെ ഗതാഗതം എന്നിവ കാരണം ഇവിടുത്തെ നിശ്ശബ്ദവും ഹരിതാഭവുമായ അന്തരീക്ഷം പൂര്‍ണ്ണമായും തകരുമെന്നാണ് ഇവരുടെ വാദം. എന്നാല്‍ എല്ലാ വിവാദങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ഡി.കെ. ശിവകുമാറിനായി കുമാരകൃപയില്‍ വന്‍ മീറ്റിങ് ഹാളും സുരക്ഷാ കോട്ടകളും ഒരുക്കുകയാണ് പൊതുമരാമത്ത് വകുപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group