കാഞ്ഞങ്ങാട്: വിദേശ രാജ്യങ്ങളിലേക്കുളള യാത്രക്കാരുടെ എണ്ണം കൂടിയതോടെ വിമാനയാത്ര നിരക്ക് കുത്തനെ കൂടുന്നു. കൊച്ചി-ദുബായ് ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് കൂടിയത്. ജോലിക്കും പഠനത്തിനുമായി ഉടന്‍ എത്തേണ്ടവര്‍ പോലും അമിത നിരക്ക് മൂലം യാത്ര മാറ്റിവെയ്ക്കുകയാണ്. അതേസമയം അമിത നിരക്കിനെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം തുടങ്ങി.
കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്ര ഘട്ടം അവസാനിക്കുകയും വിദേശ രാജ്യങ്ങളിലെ തൊഴിലിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും സജീവമാവുകയും ചെയ്തതോടെയാണ് വിമാനയാത്ര നിരക്ക് കുതിച്ചുയരാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കേരളത്തില്‍ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കുളള വിമാന യാത്രാ നിരക്കില്‍ വര്‍ദ്ധനയുണ്ടായി..
കൊച്ചി-ദുബായ് 35,000 രൂപയായിരുന്നത് 62,000 ആയി. കോഴിക്കോട്-ദുബായ് 25,000 ല്‍നിന്ന് 32,000 ആയും കൊച്ചി-ലണ്ടന്‍ 57,000- 65,000 ആയും കൊച്ചി-ന്യൂയോര്‍ക്ക് 1,37,000- 1,45,000 ആയും ഉയര്‍ന്നു. വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടവര്‍ പലപ്പോഴും ഒരു ലക്ഷത്തിലേറെ രൂപ ചെലവിടേണ്ടതായും വരുന്നു