ബെംഗളൂരു: ബെംഗളൂരുവിലെ ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് 22-കാരിയായ ഒരു കോർപ്പറേറ്റ് ജീവനക്കാരിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.നഗരത്തില്‍ ജീവിക്കാൻ പ്രതിമാസം 43,000 രൂപയാണ് താൻ ചെലവാക്കുന്നതെന്ന് സാനിക കുല്‍ക്കർണി എന്ന യുവതി വിശദമായ കണക്കുകളോടെ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. ഒരു നല്ല ലൊക്കേഷനിലുള്ള 2 ബി.എച്ച്.കെ ഫ്ലാറ്റില്‍ സഹോദരിക്കൊപ്പം താമസിക്കുന്ന സാനികയുടെ വാടക ഇനത്തില്‍ മാത്രം വരുന്നത് 19,000 രൂപയാണ്.
ചെലവുകളുടെ പട്ടിക ഇങ്ങനെ
വാടക: 19,000 രൂപ.ഗതാഗതം: 7,000 രൂപ (പ്രതിദിന ഓട്ടോയാത്ര).വീട്ടുജോലി, പലചരക്ക്: 7,000 രൂപ.പുറത്ത് ഭക്ഷണം കഴിക്കല്‍: 5,000 രൂപ.ഷോപ്പിംഗ്, യാത്രാ ചെലവ്: 5,000 രൂപ.വൈദ്യുതി ബില്‍: 0 രൂപ (സർക്കാർ സൗജന്യ പദ്ധതി പ്രയോജനപ്പെടുത്തുന്നു).ഈ പോസ്റ്റ് പുറത്തുവന്നതോടെ വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇതിനെ അമ്പരപ്പോടെയാണ് കാണുന്നത്. നഗരത്തില്‍ മറ്റിടങ്ങളില്‍ താമസിക്കുന്നവർക്ക് ഇത്രയും കുറഞ്ഞ നിരക്കില്‍ എങ്ങനെ ജീവിക്കാൻ സാധിക്കുമെന്നാണ് പ്രധാന ചോദ്യം. 19,000 രൂപയ്ക്ക് 2 ബി.എച്ച്.കെ ഫ്ലാറ്റ് ഏത് ഭാഗത്താണ് ലഭിക്കുകയെന്നും, പുറത്ത് ഭക്ഷണം കഴിക്കാൻ എങ്ങനെ 5,000 രൂപ മാത്രം മതിയാകുമെന്നും തുടങ്ങി ഒട്ടേറെ സംശയങ്ങളാണ് ഉയരുന്നത്. ബെംഗളൂരുവില്‍ ജീവിക്കാൻ ഇതിലും എത്രയോ മടങ്ങ് തുക ചെലവാകുന്നവരുള്ളപ്പോള്‍, സാനികയ്ക്ക് ലഭിക്കുന്ന ഈ ‘അദൃശ്യ നേട്ടങ്ങള്‍’ എങ്ങനെയാണെന്ന് ചോദിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. എന്തായാലും നഗരത്തിലെ ജീവിതച്ചെലവിനെ കുറിച്ചുള്ള പുതിയ ചർച്ചകള്‍ക്ക് ഈ യുവതിയുടെ പോസ്റ്റ് കാരണമായിരിക്കുകയാണ്.