ബംഗളൂരു: കർണാടകയിൽ ആർഎസ്എസിനെതിരെ കർശന നിലപാടുമായി ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. രജിസ്ട്രേഷൻ നടപടികൾക്കായി രേഖകൾ തയ്യാറാക്കിവെക്കാൻ അദ്ദേഹം ആർഎസ്എസിനോട് ആവശ്യപ്പെട്ടു. ജി. പരമേശ്വരയ്ക്ക് പകരം കഴിഞ്ഞ ആഴ്‌ചയാണ് പ്രിയങ്ക് ഖാർഗെ കർണാടകയുടെ പുതിയ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.സംഘടനയെ നിരോധിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും, എന്നാൽ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി. ഒരു സന്നദ്ധ സംഘടന ആരംഭിക്കുകയാണെങ്കിൽ അത് സർക്കാരിൽ രജിസ്റ്റർ ചെയ്യുകയും, അതിന്റെ ആസ്ഥാനത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സർക്കാരിനെ അറിയിക്കുകയും ചെയ്യേണ്ടതുണ്ട്.
സമാനമായി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്കും വ്യക്തമായ ഉത്തരവാദിത്തം ഉണ്ടായിരിക്കണം. പൊതുജനങ്ങളിൽ നിന്ന് വലിയ തുകകൾ സംഭാവനയായി സ്വീകരിക്കുന്ന ആർഎസ്എസ്, നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ആർഎസ്‌എസിൽ നിന്ന് തനിക്ക് രണ്ട് വധഭീഷണികൾ ലഭിച്ചതായി ഖാർഗെ വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് രജിസ്ട്രേഷൻ രേഖകൾ തയ്യാറാക്കിവെക്കാൻ താൻ ആവശ്യപ്പെട്ടത്. ഇതൊരു അടിച്ചമർത്തൽ നടപടിയല്ലെന്നും, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെടണം എന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നിയമത്തിനോ ഭരണഘടനയ്ക്കോ അതീതനല്ല താനെന്നും, ജനങ്ങളോടും സർക്കാരിനോടും സംഘടന മറുപടി പറയേണ്ട സമയമാണിതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.എന്നാൽ മന്ത്രിയുടെ പ്രസ്‌താവനയ്ക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഒരു ‘കഴിവുകെട്ട മന്ത്രിയുടെ’ കൈകളിലാണ് ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്നതെന്ന് സംസ്ഥാന ബിജെപി എക്സിൽ കുറിച്ചു. പതിറ്റാണ്ടുകളായി നിയമവിധേയമായാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നും ഇപ്പോൾ പെട്ടെന്ന് എന്തിനാണ് പുതിയൊരു രജിസ്ട്രേഷൻ ആവശ്യപ്പെടുന്നതെന്നും കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന ബിജെപി നേതാവുമായ ആർ. അശോക ചോദിച്ചു.മുൻ രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, മുഖ്യമന്ത്രിമാർ തുടങ്ങി പ്രമുഖരായ പല ദേശീയ നേതാക്കൾക്കും ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നു. നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ആഭ്യന്തര മന്ത്രിയുടെ കേവലമൊരു പ്രസ്‌താവനയുടെ പേരിൽ പുതിയ രജിസ്ട്രേഷൻ്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ആർഎസ്എസിനെ ലക്ഷ്യം വെക്കുന്നതെന്നും ആർ. അശോക ആരോപിച്ചു.