ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു. പകല്‍ നേരത്തുപോലും പുലിയും കടുവയും ആനയും കാട്ടുപോത്തും അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം സാധാരണമായ കൊടുംകാട്ടിലാണ് തൃശൂര്‍ നിന്നുള്ള കുടുംബം പാതിരാത്രിയില്‍ കുടുങ്ങിയത്.
ടോപ് സ്റ്റേഷനും വട്ടവടയും കണ്ട് മടങ്ങുന്നതിനിടയിലാണ് ഗൂഗിള്‍ മാപ്പ് തൃശൂര്‍ സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. നവാബ് വാജിദ്, ഭാര്യ ഡോ. മേയ്മ, ബന്ധു ഷാന എന്നിവരെയും ചതിച്ചത്.
ദേവികുളത്ത് താമസിച്ചിരുന്ന സ്വകാര്യ റിസോര്‍ട്ടിലേക്കെത്താനായാണ് ഇവര്‍ ഗൂഗിള്‍ മാപ്പിന്‍റെ സഹായം തേടിയത്.കുറ്റ്യാര്‍വാലി വനത്തിലാണ് മണിക്കൂറുകളോളം കുടുംബം കുടുങ്ങിയത്. ഗൂഗിള്‍ മാപ്പ് വഴി കാണിച്ചതനുസരിച്ച് മാട്ടുപ്പെട്ടി എട്ടാം മൈലില്‍ എത്തിയപ്പോള്‍ മൂന്നാര്‍ റൂട്ടില്‍ നിന്നു തിരിഞ്ഞ് കുറ്റ്യാര്‍വാലി റൂട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു സംഘം.
ഇതുവഴിയും ദേവികുളത്തിനു പോകാമെങ്കിലും ഇടയ്ക്കുവച്ച് സംഘത്തിന് വീണ്ടും വഴി തെറ്റി. ഇതോടെയാണ് ഇവരുടെ വാഹനം അര്‍ധരാത്രി വഴി അറിയാതെ വനത്തിലൂടെയും തേയിലക്കാട്ടിലൂടെയും കറങ്ങിയത്.ഇതിനിടെ വഴിയിലെ ചളിയില്‍ ടയര്‍ കൂടി പൂണ്ടതോടെ സംഘം പൂര്‍ണമായി കുടുങ്ങി.
മൊബൈലിന് സിഗ്നല്‍ ദുര്‍ബലമായതും ഇവര്‍ക്കുവെല്ലുവിളിയായി. എങ്കിലും ഇവര്‍ അയച്ച സന്ദേശം അഗ്നിശമന സേനയ്ക്ക് ലഭിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഷാജിഖാന്റെ നേതൃത്വത്തില്‍ 9 അംഗ സംഘം പുലര്‍ച്ചെ ഒന്നരയോടെ കുറ്റ്യാര്‍വാലിയിലെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇവരയച്ച് നല്‍കിയ ലൊക്കേഷന്‍ കൃത്യമായി കണ്ടെത്താനാവാതെ വന്നതാണ് പ്രശ്നമായത്.
ഇതോടെ കുറ്റ്യാര്‍വാലിയിലെ ഉയര്‍ന്ന പ്രദേശത്തെത്തി അഗ്നിശമന സേന സെര്‍ച്ച് ലൈറ്റ് അടിച്ചു. ഇത് കണ്ട കാറിലെ ലൈറ്റുകൊണ്ട് കാറില്‍ കുടുങ്ങിയ സംഘം മറുപടി നല്‍കി. പുലര്‍ച്ചെ ഒന്നരമണിയ്ക്ക് ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടങ്ങിയിരുന്നുവെങ്കിലും രാവിലെ നാലുമണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ കാറിന് അടുത്തെത്തിയത്. ഒന്നര മണിക്കൂറോളം ശ്രമിച്ച ശേഷമാണ് ചളിയില്‍ പുതഞ്ഞ കാര്‍ ഉയര്‍ത്താനായത്.
സീനിയര്‍ ഫയര്‍ ഓഫിസര്‍മാരായ തമ്ബിദുരൈ, വി.കെ.ജീവന്‍കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ വി.ടി.സനീഷ്, അജയ് ചന്ദ്രന്‍, ആര്‍.രാജേഷ്, എസ്.വി. അനൂപ്, ഡാനി ജോര്‍ജ്, കെ. എസ്. കൈലാസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.