Home കർണാടക ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍

ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലെ ബെംഗളൂരുഭക്ഷണപ്രേമികള്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പാചകവാതക ക്ഷാമം നഗരത്തിലെ ഹോട്ടലുകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങളൊക്കെ മെനുവില്‍ നിന്ന് ഔട്ടായി തുടങ്ങി. വരും ദിവസങ്ങള്‍ ഭക്ഷണ പ്രേമികള്‍ക്ക് കടുപ്പമേറിയതാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുണ്ടായ പ്രതിസന്ധി കാരണമുണ്ടായ പാചകവാതക ക്ഷാമം ബെംഗളൂരുവിലെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതമായിരിക്കുകയാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ നഗരത്തിലെ പ്രമുഖ റെസ്റ്റോറന്റുകള്‍ പലതും തങ്ങളുടെ മെനുവില്‍ വലിയ മാറ്റങ്ങള്‍ വരുത്തിത്തുടങ്ങി. ദക്ഷിണേന്ത്യക്കാരുടെ ഏറ്റവും ഇഷ്ടവിഭവമായ മസാല ദോശയാണ് മെനുവില്‍ നിന്ന് ഔട്ടായത്.കൂടുതല്‍ സമയം തീ കത്തിച്ചു വെക്കേണ്ടി വരുന്നതിനാല്‍ ദോശ, വട തുടങ്ങിയ ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ഒഴിവാക്കി പകരം സാന്‍ഡ്വിച്ചുകള്‍, ഗ്രില്‍ഡ് സ്‌നാക്‌സ്, ബ്രഡ് വിഭവങ്ങള്‍ എന്നിവയിലേക്കാണ് ഹോട്ടലുകള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്യാസ് ലഭ്യത പുനഃസ്ഥാപിക്കുന്നത് വരെ മെനു പരിമിതപ്പെടുത്തുമെന്ന് നഗരത്തിലെ പല ഹോട്ടലുകളും ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

ഇത് ദോശ പ്രേമികള്‍ക്ക് വലിയ ആഘാതമായിരിക്കുകയാണ്. ഗ്യാസ് സിലിണ്ടറുകള്‍ കിട്ടാതായതോടെ വിറക് അടുപ്പുകളും കല്‍ക്കരി ഗ്രില്ലുകളും ഇലക്‌ട്രിക് ഫ്രയറുകളും മാത്രമാണ് ഇപ്പോള്‍ പല ഹോട്ടല്‍ അടുക്കളകളും പാചകത്തിനായി ആശ്രയിക്കുന്നത്.ഗാന്ധിനഗറിലെ വലിയ ഹോട്ടലുകള്‍ കല്‍ക്കരിയും വിറകും ഉപയോഗിച്ചാണ് ഇപ്പോള്‍ പാചകം തുടരുന്നത്. പ്രതിദിനം അഞ്ചോളം സിലിണ്ടറുകള്‍ ആവശ്യമായിരുന്ന പല ഹോട്ടലുകള്‍ക്കും വിതരണക്കാര്‍ സ്റ്റോക്കില്ലെന്ന മറുപടിയാണ് നല്‍കുന്നത്. പാചകവാതകം ലാഭിക്കുന്നതിനായി ദോശക്കല്ലുകളുടെ എണ്ണം പകുതിയായി കുറച്ചതായി ഹോട്ടലുടമകള്‍ പറയുന്നു. ഒന്നോ രണ്ടോ ദിവസത്തിനപ്പുറം ഈ സാഹചര്യം തുടര്‍ന്നാല്‍ ദോശ വിതരണം പൂര്‍ണമായും നിര്‍ത്തേണ്ടി വരുമെന്ന് ഉടമകള്‍ ആശങ്കപ്പെടുന്നു. കോയമ്പത്തൂരിലെ പ്രശസ്തമായ അന്നപൂര്‍ണ ഹോട്ടലുകളിലും സമാനമായ രീതിയില്‍ മെനു പരിമിതപ്പെടുത്തിയിട്ടുണ്ട്.ഗ്യാസ് സിലിണ്ടറുകള്‍ക്ക് കരിഞ്ചന്തയില്‍ വലിയ വിലയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഏകദേശം 1,940 രൂപ വിലയുള്ള 19 കിലോയുടെ കൊമേഴ്സ്യല്‍ സിലിണ്ടറിന് കരിഞ്ചന്തയില്‍ 2,800 മുതല്‍ 3,000 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇവയും ലഭിക്കാന്‍ പ്രയാസപ്പെടും.

എണ്ണക്കമ്പനികള്‍ നിലവില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിനാലാണ് ഹോട്ടല്‍ മേഖല തഴയപ്പെട്ടത്.മിക്ക ഹോട്ടലുകളിലും വെറും രണ്ട് മുതല്‍ മൂന്ന് ദിവസത്തേക്കുള്ള ഗ്യാസ് സ്റ്റോക്ക് മാത്രമേ നിലവിലുള്ളൂ. ഇലക്‌ട്രിക് ഇന്‍ഡക്ഷന്‍ സ്റ്റൗവുകളിലേക്ക് മാറാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ തോതിലുള്ള വൈദ്യുതി ഉപയോഗവും പുതിയ തരം പാത്രങ്ങളുടെ ചെലവും ഇതിന് തടസമാകുന്നു. ഒരു കോടിയോളം ജനങ്ങള്‍ ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന ബെംഗളൂരുവില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പല ഹോട്ടലുകളും വരും ദിവസങ്ങളില്‍ പൂട്ടേണ്ടി വരുമെന്നാണ് ഹോട്ടല്‍ ഉടമകളുടെ മുന്നറിയിപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group