Home കർണാടക ബെംഗളൂരു മെട്രോ ഹെബ്ബാള്‍-സര്‍ജാപുര ഇടനാഴി ഉടനില്ല?കടുംവെട്ടുമായി കേന്ദ്രസര്‍ക്കാര്‍

ബെംഗളൂരു മെട്രോ ഹെബ്ബാള്‍-സര്‍ജാപുര ഇടനാഴി ഉടനില്ല?കടുംവെട്ടുമായി കേന്ദ്രസര്‍ക്കാര്‍

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിൻ്റെ സ്വപ്ന പദ്ധതികളിലൊന്നായ ഹെബ്ബാള്‍-സർജാപ്പൂർ മെട്രോ ലൈനിൻ്റെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) രണ്ടാം തവണയും മടക്കി കേന്ദ്രസർക്കാർ.പദ്ധതിയുടെ ചെലവ് വെട്ടിച്ചുരുക്കി വീണ്ടും സമർപ്പിച്ചിട്ടും നിർദിഷ്ട ഡബിള്‍ ഡെക്കർ ഉള്‍പ്പെടെയുള്ള ഡിസൈൻ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നടപടി. മൊത്തം പദ്ധതിച്ചെലവ്, ഒരു കിലോമീറ്ററിനുള്ള ഉയർന്ന ചെലവ്, സാമ്പത്തിക സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയർത്തിയായിരുന്നു ആദ്യം റിപ്പോർട്ട് തള്ളിയത്.തുടർന്ന് ഇത്തവണ നിർമ്മാണച്ചെലവ് 28,405 കോടി രൂപയില്‍ നിന്ന് 25,485 കോടി രൂപയായി കുറച്ചു. അതായത്, 2,920 കോടിയുടെ കുറവ്. ഒരു കിലോമീറ്ററിനുള്ള ചെലവ് 767 കോടി രൂപയില്‍ നിന്ന് 688 കോടി രൂപയാക്കി. കേന്ദ്രം കൈമലർത്തിയതോടെ ഏകദേശം 36.59 കിലോമീറ്റർ ദൂരമുള്ള പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (BMRCL) മൂന്നാം ഘട്ട വികസനത്തിൻ്റെ ഭാഗമായ ഈ പാത, നഗരത്തിൻ്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള സർജാപ്പൂരിനെ വടക്കുള്ള ഹെബ്ബാളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുള്ളതാണ്. പ്രധാന റെസിഡൻഷ്യല്‍ ക്ലാസ്റ്ററുകളെയും മറ്റൊരു പ്രധാന ഐടി ഇടനാഴിയെയും ബന്ധിപ്പിക്കുന്നതാണ് ഈ പാത.37 കിലോമീറ്റർ മൊത്ത ദൂരവും 28 സ്റ്റേഷനുകളും നിലനിർത്തിക്കൊണ്ടാണ് പദ്ധതിയുടെ ചെലവ് പുനരവലോകനം നടത്തിയത്. എ ഡബിള്‍ ഡെക്കർ പാലം ഉള്‍പ്പെടെയുള്ള രൂപകല്‍പ്പനയിലാണ് ഇപ്പോള്‍ കേന്ദ്രം മുഖം തിരിക്കുന്നത്. മെട്രോ ഇൻഫ്രാസ്ട്രക്ചറിനൊപ്പം ഉയർത്തിയ റോഡുകള്‍കൂടി ഉള്‍പ്പെടുന്ന രൂപകല്‍പ്പന വ്യക്തിഗത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും, മെട്രോ യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെന്നുമെനാണ് കേന്ദ്രത്തിൻ്റെ വാദം. യാത്രാക്കാരുടെ എണ്ണത്തിലുള്ള കുറവ് പദ്ധതിയുടെ സാമ്പത്തിക ഭദ്രതയെ ദീർഘകാലത്തേക്ക് ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കല്‍ ഒഴിവാക്കാനും അതുമായി ബന്ധപ്പെട്ട ചെലവുകള്‍ കുറയ്ക്കാനും നിർമ്മാണ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാനും ഡബിള്‍ ഡക്കർ മാതൃക സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒരേ പാതയില്‍ റോഡും മെട്രോയും സംയോജിപ്പിക്കുന്നത് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം പൊതുഗതാഗത കണക്റ്റിവിറ്റി വിപുലീകരിക്കാനും സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. DPR രണ്ടാം തവണയും മടക്കി അയച്ച സാഹചര്യത്തില്‍, കേന്ദ്രത്തിൻ്റെ ആശങ്കകള്‍ പരിഹരിച്ച്‌ പുനരവലോകനം ചെയ്ത നിർദേശം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായിരിക്കുകയാണ്.ഹെബ്ബാളിലെ ബ്ലൂ ലൈൻ, കെ.ആർ സർക്കിളിലെ പർപ്പിള്‍ ലൈൻ, ഡയറി സർക്കിളിലെ പിങ്ക് ലൈൻ, അഗാരയിലെ ബ്ലൂ ലൈൻ എന്നിവ പ്രധാന ഇൻ്റർചേഞ്ച് പോയിൻ്റുകളാക്കിയാണ് ഈ റെഡ് ലൈൻ പദ്ധതി. ഹെബ്ബാള്‍, ഗംഗാനഗർ, വെറ്ററിനറി കോളേജ്, മേക്കറി സർക്കിള്‍, ഗോള്‍ഫ് ക്ലബ്, പാലസ് കുട്ടഹള്ളി, ബസവേശ്വര സർക്കിള്‍, കെ.ആർ സർക്കിള്‍, ടൗണ്‍ ഹാള്‍, ശാന്തിനഗർ, നിംഹാൻസ്, ഡയറി സർക്കിള്‍, കോറമംഗല 2nd ബ്ലോക്ക്, കോറമംഗല 3rd ബ്ലോക്ക്, ജക്കാസന്ദ്ര, അഗാര, ഇബ്ബല്ലൂർ, ബെല്ലന്തൂർ ഗേറ്റ്, കൈകൊണ്ടറഹള്ളി, ദൊഡ്ഡക്കണ്ണള്ളി, കാർമേലാരം, അഗ്രഹാര റോഡ്, സർജാപ്പൂർ എന്നിവയുള്‍പ്പെടെ 28 സ്റ്റേഷനുകള്‍ പാതയിലുണ്ടാകും.ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം, ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഐടി ഇടനാഴികളെ റെസിഡൻഷ്യല്‍ അയല്‍പക്കങ്ങളുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്ന ഒരു പ്രധാന വടക്ക്-തെക്ക് കണക്റ്റിവിറ്റി ഇടനാഴിയാണ് ഈ പദ്ധതി. ഡിപിആർ വീണ്ടും മടക്കി അയച്ചതോടെ, ഹെബ്ബാള്‍-സർജാപ്പൂർ മെട്രോ ഇടനാഴിയുടെ ഭാവി കൂടുതല്‍ ഡിസൈൻ മാറ്റങ്ങളെയും, കേന്ദ്ര-സംസ്ഥാന സമവായത്തെയും ആശ്രയിച്ചിരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group