Home Featured കാത്തിരുന്നത് 11 വർഷം കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്നു

കാത്തിരുന്നത് 11 വർഷം കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്നു

by മാഞ്ഞാലി

തൃശ്ശൂ‍ര്‍: കാത്തിരിപ്പിനൊടുവില്‍ കുതിരാന്‍ തുരങ്കം ഭാഗീകമായി തുറന്നു. തൃശ്ശൂര്‍ – പാലക്കാട് പാതയിലെ കുതിരന്‍ മല തുരന്നുണ്ടാക്കിയ ഇരട്ടതുരങ്കളിലൊന്നാണ് രാത്രി എട്ട് മണിയോടെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. അഞ്ച് മണിക്ക് ടണല്‍ തുറക്കും എന്നായിരുന്നു ആദ്യം വന്ന അറിയിപ്പ്. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്കമാണ് ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത്. തൃശ്ശൂര്‍ – പാലക്കാട് റൂട്ടിലെ തുരങ്കം കൂടി ഗതാഗതയോഗ്യമാക്കിയാല്‍ മാത്രമേ ഇരട്ടതുരങ്കത്തിന്‍്റെ ഗുണം പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിക്കൂ.

കുതിരാന്‍ സുരക്ഷാപരിശോധനകളും മറ്റു നടപടികളും കഴിഞ്ഞ ആഴ്ച അഗ്നിരക്ഷാസേന പൂര്‍ത്തിയാക്കുകയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു.തുടര്‍ന്ന് തുരങ്കം തുറക്കാനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്‍്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. അടുത്ത ആഴ്ചയോടെ മാത്രമേ കേന്ദ്രാനുമതി ലഭിക്കൂ എന്നാണ് കരുതിയതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിക്കുകയും തുരങ്കം ഗതാഗതത്തിന് തുറക്കാന്‍ പെട്ടെന്ന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തുരങ്കം ഗതാഗതത്തിന് തുറക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് പിന്നാലെ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കുതിരാന്‍ തുരങ്കം അടിയന്തരമായി തുറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പൊതുമാരമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എല്ലാ ആഴ്ചയും തുരങ്ക നിര്‍മ്മാണത്തിന്‍്റെ പുരോഗതി വിലയിരുത്തിയിരുന്നു. ആഗസ്റ്റ് ഒന്നിന് തുരങ്കം ഗതാഗതത്തിനായി തുറക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥര്‍.

തൃശ്ശൂര്‍ കളക്ടറും പൊതുമാരമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഇടവിട്ട ദിവസങ്ങളില്‍ കുതിരാനിലെത്തി നിര്‍മ്മാണ പുരോഗതി നേരിട്ട് പരിശോധിക്കുമായിരുന്നു. കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തില്‍ ഇരട്ട തുരങ്കങ്ങളിലൊന്ന് ഗതാഗതത്തിനായി തുറന്നെങ്കിലും തുരങ്കത്തിന്‍്റെ ഔദ്യോഗിക ഉദ്ഘാടനം രണ്ടാമത്തെ തുരങ്കത്തിന്‍്റെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമായിരിക്കും നടക്കുക.നിതിന്‍ ഗഡ്കരിയാവും തുരങ്കത്തിന്‍്റെ ഉദ്ഘാടനം നിര്‍വഹിക്കുക.

2009-ലാണ് കുതിരാന്‍ തുരങ്കത്തിന്‍്റെ നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് തുരങ്ക നിര്‍മ്മാണം ആരംഭിച്ചത്. മുപ്പത് മാസം കൊണ്ട് തുരങ്കം ഗതാഗതയോഗ്യമാക്കുമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. എന്നാല്‍ 11 വര്‍ഷമെടുത്താണ് തുരങ്കം പകുതിയെങ്കിലും ഗതാഗതയോഗ്യമാക്കിയത്. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കാരണം പലവട്ടം കരാര്‍ നീട്ടികൊടുത്തിരുന്നു. സാമ്ബത്തിക പ്രശ്നങ്ങളും വനഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളും തുരങ്കനിര്‍മ്മാണം വൈകാന്‍ കാരണമായി.

964 മീറ്ററാണ് കുതിരാന്‍ തുരങ്കത്തിന്‍്റെ ആകെ നീളം. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അന്‍പത് ഫയര്‍ ഹൈഡ്രന്‍്റുകളും രണ്ട് ഇലക്‌ട്രീക്ക് പമ്ബുകളും, ഒരു ഡീസല്‍ പമ്ബും കുതിരാനില്‍ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഭാഗങ്ങളില്‍ ഹോസും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് എമര്‍ജന്‍സി ഫോണുകള്‍ കൂടാതെ ഒരോ

നൂറ് മീറ്ററിലും പത്ത് സിസിടിവി ക്യാമറകളും തുരങ്കത്തിലുണ്ട്. സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ 1200 എല്‍ഇഡി ലൈറ്റുകളും തുരങ്കത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. അറുപത് കിലോമീറ്ററാണ് കുതിരാന്‍ തുരങ്കത്തില്‍ അനുവദിച്ച പരമാവധി വേഗത. കുതിരാന്‍ തുരങ്കത്തിലൂടെ സഞ്ചരിക്കുക വഴി 30 മിനിറ്റ് മുതല്‍ 45 മിനിറ്റ് വരെ പാലക്കാട് – തൃശ്ശൂര്‍ പാതയിലെ യാത്രയില്‍ ലാഭിക്കാനാവും.

കുതിരാന്‍ തുരങ്കത്തിന്‍്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ ഗുരുതര ആരോപണങ്ങളുമായി കരാര്‍ കമ്ബനിയായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ് രം​ഗത്ത് എത്തിയിരുന്നു. തുരങ്കത്തിലെ വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചില്‍ തടയാനും ആവശ്യമായ സംവിധാനമില്ലെന്നായിരുന്നു പ്രഗതി കമ്ബനി വക്താവ് ശിവാനന്ദന്‍്റെ ആരോപണം. തുരങ്കത്തിന് മേലെ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാവുക വന്‍ ദുരന്തമായിരിക്കുമെന്നും. ഇപ്പോള്‍ നടക്കുന്നത് തട്ടിക്കൂട്ട് പണികള്‍ മാത്രമാണെന്നും. നിലവില്‍ നിര്‍മാണ ചുമതലയുള്ള KMC കമ്ബനിയ്ക്ക് യാതൊരു സാങ്കേതിക വൈദഗ്ധ്യമില്ലെന്നും ശിവാനന്ദന്‍ ആരോപിച്ചിരുന്നു.മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണത്തിന്‍്റെ ഭാഗമായിട്ടാണ് കുതിരാനില്‍ തുരങ്കം നിര്‍മ്മിക്കുന്നത്. 16 വര്‍ഷമായിട്ടും ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിട്ടില്ല. തൃശൂര്‍, പാലക്കാട് റോഡില്‍ ഇതുമൂലം യാത്രാക്ലേശം രൂക്ഷമാണ്. മഴക്കാലത്ത് കുതിരാനില്‍ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളുമായിരുന്നു. എട്ട് മുതല്‍ 16 മണിക്കൂര്‍ വരെ നീണ്ട ഗതാഗതക്കുരക്കുകള്‍ കുതിരാനില്‍ പല സമയത്തായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group