ലക്നൗ: ഉത്തർപ്രദേശില്‍ അധ്യാപികയെ പിന്തുടർന്ന് ചുണ്ടുകള്‍ മുറിച്ച് മാറ്റി പ്ലസ് ടു വിദ്യാർത്ഥി. ഉത്തർപ്രദേശിലെ മെയിൻപുരിയില്‍ ജനുവരി 26ന് ആണ് കൊടും ക്രൂരത അരങ്ങേറിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി അധ്യാപികയുടെ രണ്ട് ചുണ്ടുകളും മുറിച്ച് മാറ്റിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ 17 കാരനായ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി കോട്‌വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ ഫത്തേ ബഹാദൂർ സിംഗ് പറഞ്ഞു. നേരത്തെ ആഗ്ര റോഡിലെ ഒരു സ്വകാര്യ സ്കൂളില്‍ ജോലി ചെയ്തിരുന്ന അധ്യാപികയെ ഇവിടെ പഠിച്ചിരുന്ന വിദ്യാർഥി നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി അധ്യാപികയുടെ സഹോദരൻ പറഞ്ഞു.നിരവധി തവണ ശാസിച്ചിട്ടും 12 വിദ്യാർഥി അധ്യാപകയുടെ പിന്നാലെ ശല്യമായി തുടർന്നു. പേരന്‍റ് മീറ്റിംഗ് വിളിച്ച് വിദ്യാർത്ഥിയുടെ അമ്മയോട് അധ്യാപിക വിഷയം പരാതിപ്പെട്ടിരുന്നു. കുട്ടിയുടെ പെരുമാറ്റം ശരിയല്ലെന്നും നിയന്ത്രിക്കണമെന്നും ടീച്ചർ ആവശ്യപ്പെട്ടു. ഇനി ഇത്തരം പ്രവൃത്തി മകന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് അമ്മ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ വിദ്യാർഥിയുടെ ശല്യം തുടർന്നു. ഒടുവില്‍ വിദ്യാർഥിയുടെ പെരുമാറ്റത്തില്‍ മനംനൊന്ത് അധ്യാപിക രാജിവച്ച് മറ്റൊരു സ്കൂളിലേക്ക് മാറി. എന്നാല്‍ പ്രതി പുതിയ ജോലിസ്ഥലം കണ്ടെത്തി അധ്യാപികയെ പിന്തുടരുന്നത് തുടരുകയും ചെയ്തു. അധ്യാപികയോട് ലൈംഗിക താല്‍പ്പര്യത്തോടെ പ്രതി സമീപിച്ചെന്നാണ് റിപ്പോർട്ടുകള്‍. ജനുവരി 26ന്, ജോലിക്ക് പോകുന്ന വഴി വിദ്യാർത്ഥി അധ്യാപികയെ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച് രണ്ട് ചുണ്ടുകളും മുറിച്ചുമാറ്റി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അധ്യാപിക ഗുരുതവാസ്ഥയില്‍ ചികിത്സയിലാണ്. ഇവരുടെ സഹോദരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവുള്ള പ്രതിയെ കണ്ടെത്താൻ വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.