ബെംഗളൂരു:ആദായനികുതി വകുപ്പ് റെയ്ഡിനിടെ കോൺഫിഡൻറ് ഗ്രൂപ്പ് ഉടമ സി.ജെ.റോയി ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പശ്ചിമ മേഖല ജോയിന്റ് പോലീസ് കമ്മീഷണർ സി. വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ലോകേഷ് ബി. ജഗലസറും സെൻട്രൽ ഡിവിഷൻ ഡിസിപി അക്ഷയ് ഹകെ മച്ചിന്ദ്ര, ഹലാസുർ ഗേറ്റ് സബ് ഡിവിഷൻ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ (എസിപി) സുധീർ, സിസിആർബി എസിപി രാമചന്ദ്ര, അശോക് നഗർ ഇൻസ്പെക്ടർ രവി കെ ബി എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു.സി.ജെ. റോയിയുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരെ മൊഴി രേഖപ്പെടുത്താനായി അന്വേഷണ സംഘം വിളിച്ചുവരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു. അദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമീപകാലത്തെ സാമ്പത്തിക ഇടപാടുകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
മരണത്തിന് മുൻപുള്ള ദിവസങ്ങളിൽഎന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നോ എന്നും ആത്മഹത്യാപരമായ സൂചനകൾ നൽകിയിരുന്നോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. പഴുതടച്ച അന്വേഷണത്തിലൂടെ മരണത്തിലെദുരൂഹതകൾ എത്രയും വേഗം പുറത്തുകൊണ്ടുവരുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അറിയിച്ചു. പ്രത്യേകസംഘത്തിന്റെ രൂപീകരണം അന്വേഷണത്തിൽ വലിയപുരോഗതിയുണ്ടാക്കുമെന്നാണ്പോലീസ് കരുതുന്നത്. സി. ജെ. റോയിയുടെ സംസ്കാര ചടങ്ങുകൾ നാളെ ബെംഗളൂരുവിൽ നടക്കും. രാവിലെ 10 മുതൽ 2 മണി വരെ ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചർസ് ലക്ഷുറിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കൽക്കരയിലെ സെന്റ് ജോസഫ് ചർച്ചിലേക്ക് അന്ത്യ ശുശ്രുഷകൾക്കായി എത്തിക്കും. വൈകിട്ട് 3.30ന് നേച്ചർസ് ലക്ഷുറിയിലാണ് സംസ്കാരം.