ബെംഗളൂരു: മൈസൂരുവിൽഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്-‘നിംഹാൻസി’ൻ്റെ അത്യാധുനിക ആശുപത്രി വരുന്നു. 20 ഏക്കറിൽ നൂറ് കോടി രൂപ ചെലവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണ ഹോബ്ലിയിലെ ഗുഡുമദാനഹള്ളിയിലാണ് അത്യാധുനിക ന്യൂറോ കെയർ ആശുപത്രി നിർമിക്കുന്നത്.ആറ് നിലകളുള്ള കെട്ടിടത്തിൽ വിവിധ വാർഡുകളിലും പുനരധിവാസ യൂണിറ്റുകളിലുമായി 160 കിടക്കകളുള്ള ചികിത്സാ സൗകര്യവും ഉണ്ടായിരിക്കും.
ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ-റേഡിയോളജി, ന്യൂറോ-അനസ്തേഷ്യ, ന്യൂറോ-സൈക്യാട്രി, റീഹാബിലിറ്റേഷൻ തുടങ്ങിയ പ്രത്യേക വകുപ്പുകളും ഒരു ബ്ലഡ് ബാങ്കും നൂതന ലബോറട്ടറി സൗകര്യങ്ങളും ആശുപത്രിയിൽ ഉണ്ടായിരിക്കും.മൈസൂരുവിന് പുറമേ അയൽ ജില്ലകളായ മാണ്ഡ്യ, ഹാസൻ, കുടക് എന്നിവിടങ്ങളിലെയും ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന്, നിർദ്ദിഷ്ട നിംഹാൻസ് ആശുപത്രി സഹായകരമാകും.ഫെബ്രുവരി രണ്ടാം വാരം മുതൽ നിർമ്മാണം ആരംഭിക്കും. രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചാണസ്യ കാർലെ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണ ചുമതല.