ബെംഗളൂരു: നഗരത്തിലെ സാധാരണക്കാരായ യാത്രക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി. സംസ്ഥാനത്ത് ബൈക്ക് ടാക്‌സികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി.ഇതോടെ ഊബര്‍, ഓല, റാപ്പിഡോ തുടങ്ങിയ സേവനങ്ങള്‍ വീണ്ടും നിരത്തുകളില്‍ സജീവമാകും. സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാനമായ ഉത്തരവ്.ഊബര്‍ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, എഎന്‍ഐ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് (ഓല ക്യാബ്‌സ്), ബൈക്ക് ടാക്‌സി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, മറ്റ് വ്യക്തിഗത ബൈക്ക് ടാക്‌സി ഉടമകള്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സിഎം ജോഷി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്.സുരക്ഷ, ക്രമസമാധാന പ്രശ്‌നങ്ങള്‍, ഓട്ടോ, ടാക്‌സി യൂണിയനുകളുടെ പ്രതിഷേധം എന്നിവ സംബന്ധിച്ച ആശങ്കകളാണ് നേരത്തെ നിരോധനത്തിന് കാരണമായത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലാതെ ബൈക്ക്, ടാക്‌സി അഗ്രഗേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ ജഡ്ജി വിധിച്ചിരുന്നു.
എന്നാല്‍, മോട്ടോര്‍ വാഹന നിയമപ്രകാരം ഇരുചക്ര വാഹനങ്ങളെ ഗതാഗത വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നതിലോ പെര്‍മിറ്റ് നല്‍കുന്നതിലോ അധികാരികള്‍ക്ക് തടസം നില്‍ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.മോട്ടോര്‍ സൈക്കിളുകള്‍ക്ക് കോണ്‍ട്രാക്‌ട് കാര്യേജ് പെര്‍മിറ്റുകള്‍ നല്‍കാനും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷകള്‍ പരിഗണിക്കാനും കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. നിലവിലുള്ള നിയന്ത്രണങ്ങള്‍ അസാധുവാക്കുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് ഊന്നിപ്പറഞ്ഞു.2025 ഏപ്രിലില്‍ ബൈക്ക് ടാക്‌സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് വന്ന മുന്‍ ഉത്തരവിനെ ചോദ്യം ചെയ്ത് വിവിധ കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ അനുകൂല വിധി വന്നിരിക്കുന്നത്. സുരക്ഷാ കാരണങ്ങളും ഓട്ടോ, ടാക്‌സി യൂണിയനുകളുടെ എതിര്‍പ്പും ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.എന്നാല്‍ മോട്ടോര്‍ വാഹന നിയമം ഇരുചക്ര വാഹനങ്ങളെ കോണ്‍ട്രാക്‌ട് കാരിയേജുകളായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പുതിയ വിധി വന്നതോടെ പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ ടാക്‌സി ഉടമകള്‍ക്ക് അവസരം ലഭിക്കും. തിരക്കേറിയ ബെംഗളൂരു നഗരത്തില്‍ കുറഞ്ഞ ചെലവില്‍ വേഗത്തിലുള്ള യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഉത്തരവ് വലിയൊരു അനുഗ്രഹമാകും. ഹൈക്കോടതിയുടെ പുതിയ വിധിയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.