Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരുകാര്‍ക്ക് സന്തോഷ വാര്‍ത്ത; വിമാനത്താവളത്തിലേക്ക് 8.5 കി.മീ സബര്‍ബൻ റെയില്‍ പാത, ചിലവ് 4100 കോടി

ബെംഗളൂരുകാര്‍ക്ക് സന്തോഷ വാര്‍ത്ത; വിമാനത്താവളത്തിലേക്ക് 8.5 കി.മീ സബര്‍ബൻ റെയില്‍ പാത, ചിലവ് 4100 കോടി

by admin

ബെംഗളൂരു: നഗരനിവാസികള്‍ ഏറെ നാളായി കാത്തിരിക്കുന്ന പദ്ധതികളില്‍ ഒന്നാണ് സബർബൻ റെയില്‍വേ പദ്ധതിയുടെ വികസനം.കഴിഞ്ഞ കുറച്ചധികം നാളുകളായി ഇത് പല കാരണങ്ങളാല്‍ മുടങ്ങി കിടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വളരുന്ന ബെംഗളൂരു നഗരത്തെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചടിയുമായിരുന്നു. ഇപ്പോഴിതാ ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന വാർത്തയാണ് പുറത്തുവരുന്നത്.സബർബൻ റെയില്‍വേ പദ്ധതിയുടെ ഭാഗമായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 8.5 കിലോമീറ്റർ റെയില്‍ പാതയ്ക്ക് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ അംഗീകാരം നല്‍കിയിരിക്കുകയാണ്. 41.4 കി.മീ. ദൈർഘ്യമുള്ള സമ്പിഗെ ലൈനില്‍ (കെഎസ്‌ആർ ബെംഗളൂരു-ദേവനഹള്ളി ഇടനാഴി) നിന്ന് ട്രംപറ്റ് ഇന്റർചേഞ്ചിന് ശേഷം വേർതിരിയുന്ന ഇത് ടെർമിനല്‍ 1-നും 2-നും ഇടയില്‍ അവസാനിക്കും.

പാതയുടെ 5.5 കി.മീ. ഭാഗം നിരപ്പായ പ്രദേശത്തും 3.5 കി.മീ. വിമാനത്താവള കോംപ്ലക്‌സിനുള്ളില്‍ ഭൂമിക്കടിയിലുമായിരിക്കും എന്നാണ് രൂപരേഖ വ്യക്തമാക്കുന്നത്. ഈ പാതയില്‍ ബികെ ഹള്ളി, കെഐഎഡിബി, എയ്‌റോസ്‌പേസ് പാർക്ക്, എയർപോർട്ട് സിറ്റി, എയർപോർട്ട് ടെർമിനല്‍ എന്നിങ്ങനെ നാല് സ്‌റ്റേഷനുകളുണ്ടായിരിക്കും. വിമാനത്താവളത്തിനുള്ളിലെ സ്‌റ്റേഷനുകള്‍ ഭൂമിക്കടിയിലായിരിക്കും.ബികെ ഹള്ളി, എയർപോർട്ട് സിറ്റി എന്നിവ ഭാവി ആവശ്യങ്ങള്‍ക്കാണ് വിഭാവനം ചെയ്‌തിരിക്കുന്നത്, മറ്റുള്ളവ പാത തുറക്കുമ്പോള്‍ പ്രവർത്തനക്ഷമമാകും. റൈറ്റ്സ് ലിമിറ്റഡ് ഡിപിആർ തയ്യാറാക്കിയ ഈ പദ്ധതിക്ക് ഏകദേശം 4100 കോടി രൂപ ചെലവ് വരുമെന്നാണ് കെ-റൈഡ് മാനേജിംഗ് ഡയറക്‌ടർ ലക്ഷ്‌മണ്‍ സിംഗിനെ ഉദ്ധരിച്ച്‌ ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നത്.വിമാനത്താവള പാതയ്ക്ക് ഫണ്ട് നല്‍കാൻ ബാംഗ്ലൂർ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് സമ്മതിച്ചിട്ടില്ല. പകരം സംസ്ഥാന സർക്കാരില്‍ നിന്നും ഇന്ത്യൻ റെയില്‍വേയില്‍ നിന്നും ഇക്വിറ്റി ഫണ്ടിംഗ് ഉറപ്പാക്കാൻ ശ്രമങ്ങള്‍ നടന്നുവരികയാണ്. വിമാനത്താവള പരിസരത്ത് ബ്ലൂ ലൈനില്‍ രണ്ട് മെട്രോ സ്‌റ്റേഷനുകള്‍ (എയർപോർട്ട് സിറ്റി-നിരപ്പില്‍, എയർപോർട്ട് ടെർമിനല്‍-ഭാഗികമായി ഭൂമിക്കടിയില്‍) ബിഐഎഎല്‍ സ്വന്തമായി നിർമ്മിക്കുന്നുണ്ട്.വിമാനത്താവളത്തിലെ സ്‌റ്റേഷനുകള്‍ക്കായുള്ള വിശദമായ ആസൂത്രണവും ഭൂമി ആവശ്യകതകളും കെ-റൈഡ് ഉടൻ അന്തിമമാക്കും. നേരത്തെ ടെർമിനലിന് സമീപം ഒരു സബർബൻ സ്‌റ്റേഷൻ മാത്രമാണ് നിർദ്ദേശിച്ചിരുന്നത്. വിമാനത്താവള ജീവനക്കാർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും പ്രയോജനകരമാകുന്ന പുതിയ എയർപോർട്ട് സിറ്റി സ്‌റ്റേഷൻ ഹെന്നൂർ-ബാഗലൂർ-ബെഗൂർ റോഡിന്റെ ജങ്ഷനില്‍ ആയിരിക്കും വരിക.സമ്പിഗെ ലൈനിന്റെ അലൈൻമെന്റിനും റെയില്‍വേ അനുമതി നല്‍കി. ഒരു വർഷത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയാക്കി, എയർപോർട്ട് ലിങ്ക് ഉള്‍പ്പെടെയുള്ള സമ്പിഗെ ലൈൻ 2030 മാർച്ചോടെ പൂർത്തിയാക്കാനാണ് കെ-റൈഡ് ലക്ഷ്യമിടുന്നത്. ഇത് പൂർത്തിയായാല്‍ ബെംഗളൂരുവിനെ സംബന്ധിച്ച്‌ വലിയൊരു നേട്ടം തന്നെയായിരിക്കും ഇത്. കാരണം സബർബൻ റെയില്‍വേ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതില്‍ വ്യാപക വിമർശനമാണ് നേരത്തെ ഉയർന്നിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group