ചെന്നൈ : മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ്എക്സ്പ്രസ് (12686), തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12696) എന്നീ തീവണ്ടികൾക്ക് പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ചെന്നൈയിലെ മലയാളി സംഘടനകളും യാത്രക്കാരും ഏറെ ക്കാലമായി പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വരുകയാണ്.ഈ ആവശ്യമാണ് ഇപ്പോൾ അനുവദിച്ച് കിട്ടിയിരിക്കുന്നത്. റിപ്പബ്ലിക്ക് ദിനം മുതൽ രണ്ടുതീവണ്ടികളും പെരമ്പൂരിൽ നിർത്തിത്തുടങ്ങും.മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് യാത്രക്കാരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് 2022- ഓഗസ്റ്റിൽ ആവഡിയിൽ സ്റ്റോപ്പ് അനുവദിച്ചത്. എന്നാൽ, തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റിന് ആർക്കോണം കഴിഞ്ഞാൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് സ്റ്റോപ്പുള്ളത്.തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിച്ചത് പെരമ്പൂരിനും തിരുവള്ളൂരിനും ഇടയിലുള്ളവർക്ക് അല്പം ആശ്വാസമായി. കേരളത്തിൽനിന്ന് ചെന്നൈയിലേക്കുള്ള മറ്റ് എല്ലാ തീവണ്ടികൾക്കും പെരമ്പൂരിൽ സ്റ്റോപ്പുണ്ട്.
ഈ രണ്ട് തീവണ്ടികൾ അനുവദിച്ച് 20 വർഷം പിന്നിട്ടെങ്കിലും ഇപ്പോൾ മാത്രമാണ് പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നത്.പെരമ്പൂരിലിറങ്ങിയാൽ ചെന്നൈയുടെ വിവിധസ്ഥലങ്ങളിലേക്ക് പോകുന്നവർക്കും എളുപ്പമെത്താൻ കഴിയും. തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിന് ആവഡിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആവഡിയിലെ മലയാളി സംഘടനകൾ ദക്ഷിണ റെയിൽവേക്ക് നിവേദനം സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല.കേരളത്തിൽ നിന്ന് ചെന്നൈയിലേക്കുള്ള തിരുവനന്തപുരം-ചെന്നൈ മെയിൽ (12624), ആലപ്പുഴയിൽനിന്ന് ചെന്നൈയിലേക്കുള്ള ആലപ്പുഴ-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22640), മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12685/12686) എന്നീ വണ്ടികൾക്ക് ആവഡിയിൽ സ്റ്റോപ്പുണ്ട്.