ബെംഗളൂരു: കർണാടകത്തില്‍ ഗവർണർ തവർചന്ദ് ഗെഹലോട്ടിനെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ. ഇന്നലെ വൈകിട്ട് ചേർന്ന പ്രത്യേക മന്ത്രിസഭായോഗം ഗവർണർക്കെതിരെ സ്വീകരിക്കാൻ ആകുന്ന നിയമനടപടികള്‍ ചർച്ച ചെയ്തു.മന്ത്രിസഭ തയാറാക്കി നല്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്ന ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് അയക്കാനുള്ള സാധ്യതയും മന്ത്രിസഭായോഗം ചർച്ച ചെയ്തു.പുതുവർഷത്തിലെ ആദ്യ സമ്മേളനത്തിലേക്ക് ഇന്നലെ ഗവർണർ തവർചന്ദ് ഗെഹലോട്ട് എത്തിയെങ്കിലും നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. ദേശീയ ഗാനം പൂർത്തിയാകും മുമ്പ് ഇറങ്ങിപ്പോയ ഗവർണറുടെ നടപടിയും സർക്കാർ ആയുധമാക്കിയിട്ടുണ്ട്. വിവാദങ്ങള്‍ക്കിടെ പ്രത്യേക നിയമസഭാ സമ്മേളനം ഇന്നും തുടരും. സഭാ നടപടികളിലേക്ക് കടക്കും മുന്നേ മന്ത്രിസഭ ഉപദേശക സമിതിയുടെ യോഗം മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്.