ബെംഗളൂരു: ഏറെക്കാലമായി നഗര നിവാസികള്‍ ഉന്നയിക്കുന്ന ഒരു സുപ്രധാന പ്രശ്നത്തിന് പരിഹാരവുമായി ദേശീയപാത അതോറിറ്റി.കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബെല്ലാരി റോഡിന്റെ പ്രധാന പാതയിലെ അവസാന ട്രാഫിക് സിഗ്നല്‍ ഒഴിവാക്കാൻ ഒരുങ്ങുകയാണ് ഇപ്പോള്‍ എൻഎച്ച്എഐ. ഇതിന്റെ ഭാഗമായി സദാഹള്ളി ജംഗ്ഷനില്‍ 750 മീറ്റർ നീളമുള്ള ആറ് വരി അടിപ്പാത നിർമ്മിക്കുവാനാണ് തീരുമാനം.ഈ അടിപ്പാത പൂർത്തിയാവുന്നതോടെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് തടസങ്ങളില്ലാത്ത ഗതാഗതം സാധ്യമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടി വരും. ഏകദേശം രണ്ട് വർഷത്തോളം സദാഹള്ളി ജംഗ്ഷനിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടും.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുൻപ്, വാഹനത്തിരക്ക് കൈകാര്യം ചെയ്യുന്നതിനായി എൻഎച്ച്എഐ നിലവിലുള്ള സർവീസ് റോഡുകള്‍ വീതികൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്. സദാഹള്ളിയിലെയും സമീപ ഗ്രാമങ്ങളിലെയും താമസക്കാർക്ക് നഗരത്തിലേക്ക് എളുപ്പത്തില്‍ എത്താൻ സഹായിക്കുന്ന ഒരു പുതിയ കോണ്‍ക്രീറ്റ് സ്ലാബും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.സദാഹള്ളി ജംഗ്ഷനില്‍ അടിപ്പാത നിർമ്മിക്കാൻ നേരത്തെയും ശ്രമങ്ങള്‍ നടന്നിരുന്നു. ഒരു പതിറ്റാണ്ട് മുൻപ് ഈ ട്രാഫിക് സിഗ്നല്‍ നിർത്തലാക്കാൻ എൻഎച്ച്എഐ പദ്ധതികള്‍ നിർദ്ദേശിച്ചിരുന്നു. തുടക്കത്തില്‍ ഒരു മേല്‍പ്പാലമാണ് വിഭാവനം ചെയ്തത്. എന്നാല്‍ അത് പിന്നീട് അടിപ്പാതയാക്കി മാറ്റി. ദീർഘനാളത്തെ കാലതാമസങ്ങള്ക്കുശേഷം, 2019ല്‍ എൻഎച്ച്എഐ അടിപ്പാത പദ്ധതി ഏറ്റെടുക്കുകയും ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജോലികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതിന്റെ രൂപകല്‍പ്പനയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി പിന്നീട് പ്രവൃത്തികള്‍ പൂർണമായി നിലച്ചു പോവുകയായിരുന്നു. എന്നാല്‍ നഗരം വളരുന്നത് കണക്കിലെടുത്ത് എൻഎച്ച്എഐ ആസ്ഥാനത്തിന്റെ അനുമതിയോടെ പദ്ധതി പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. 35 കോടി രൂപയുടെ ഈ പദ്ധതിയ്ക്ക് വേണ്ടി കരാർ നല്‍കിയിട്ടുണ്ട്, ഫെബ്രുവരി മാസത്തില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു: “സദാഹള്ളി ജംഗ്ഷനിലെ ട്രാഫിക് വഴിതിരിച്ചുവിടാൻ അനുമതി തേടി ട്രാഫിക് പോലീസിന് കത്തെഴുതിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കാനും സമയപരിധി പാലിക്കാനും കരാറുകാരന് നിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രധാന പാതയിലാണ് നിർമ്മാണം നടക്കുന്നത് എന്നതിനാല്‍ ഗതാഗത നിയന്ത്രണം അത്യാവശ്യമാണ്. വഴിതിരിച്ചുവിടുന്നതിന് മുൻപ് ഇരുവശത്തുമുള്ള നിലവിലുള്ള രണ്ട് വരി സർവീസ് റോഡുകള്‍ വീതികൂട്ടും. വീതികൂട്ടല്‍ പൂർത്തിയായാല്‍ ട്രാഫിക് പൂർണ്ണമായും വഴിതിരിച്ചുവിടും.”ഹെബ്ബാളിനും സദാഹള്ളി ജംഗ്ഷനും ഇടയിലുള്ള 22 കിലോമീറ്റർ ദൂരത്തില്‍, പ്രധാന പാതയില്‍ നിലവില്‍ ട്രാഫിക് സിഗ്നലുകളില്ല. വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ എലിവേറ്റഡ് ഇടനാഴികളും മേല്‍പ്പാലങ്ങളും ഉപയോഗിക്കുന്നു. ഈ പാതയില്‍ സദാഹള്ളി മാത്രമാണ് നിലവില്‍ ട്രാഫിക് സിഗ്നലുള്ള ഏക ജംഗ്ഷൻ. അത്കൊണ്ട് തന്നെ ഇവിടെ എപ്പോഴും ഗതാഗത കുരുക്ക് പതിവായിരുന്നു.നിരവധി പാർപ്പിട സമുച്ചയങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള വാഹനയാത്രക്കാർ ദേവനഹള്ളിയിലേക്കും നഗരത്തിലേക്കും യാത്ര ചെയ്യാൻ ഈ ജംഗ്ഷൻ ഉപയോഗിക്കുന്നത് കൊണ്ട് കൂടിയായിരുന്നു ഇത്.
അതിനിടെ സദാഹള്ളി, ചൗദനഹള്ളി, ചന്നഹള്ളി, ഗാദനഹള്ളി, സമീപ പ്രദേശങ്ങളിലെ നിവാസികള്‍ പദ്ധതിയില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ബെല്ലാരി റോഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി യെലഹങ്ക എയർഫോഴ്സ് സ്റ്റേഷന് സമീപം എൻഎച്ച്എഐ 1 കിലോമീറ്റർ നീളമുള്ള സർവീസ് റോഡ് കൂടി നിർമ്മിക്കുന്നുണ്ട്. ഹെബ്ബാളിനും ട്രംപെറ്റ് ഇന്റർചേഞ്ചിനും ഇടയിലുള്ള ഈ ഭാഗം ഒഴികെ മറ്റ് സ്ഥലങ്ങളില്‍ ഹൈവേയില്‍ ഇതിനകം സർവീസ് റോഡുകള്‍ നിലവിലുണ്ട്.ബെംഗളൂരു നഗരത്തില്‍ നിന്ന് മറ്റിടങ്ങളിലേക്കും, തിരിച്ച് നഗരത്തിലേക്കും വരുന്ന യാത്രക്കാർ ഇതുവരെ നേരിട്ട പ്രതിസന്ധിയായിരുന്നു സദാഹള്ളിയിലെ ട്രാഫിക് സിഗ്നല്‍. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങള്‍ ഉയർന്നതുമാണ്. ഒടുവില്‍ ഒരു പതിറ്റാണ്ടിന് ശേഷം നിലച്ചുപോയ പഴയ പദ്ധതിക്ക് ശാപമോക്ഷം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ.